എഫ്‌&ഒ വ്യാപാരത്തില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ കല്യാണ്‍ ജ്വല്ലേഴ്‌സ്‌

എഫ്‌&ഒ വ്യാപാരത്തില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ കല്യാണ്‍ ജ്വല്ലേഴ്‌സ്‌

Spread the News
എഫ്‌&ഒ വ്യാപാരത്തില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ കല്യാണ്‍ ജ്വല്ലേഴ്‌സ്‌

ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരിയില്‍ കൃത്രിമമായി വില ഇടിവ്‌ സൃഷ്‌ടിക്കുന്നുവെന്നും ഇതില്‍ ഇടപെടല്‍ ആവശ്യമാണെന്നും ചൂണ്ടികാട്ടി കമ്പനി സെബിയെ സമീപിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ) വിഭാഗത്തില്‍ നിന്ന്‌ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരിയെ താല്‍ക്കാലികമായി ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരികളില്‍ അസാധാരണമായ ട്രേഡിംഗ്‌ രീതികളും ഒപ്പം നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക പരത്താനായി കമ്പനിയെ സംബന്ധിച്ച്‌ സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളുടെ പ്രചാരണവും തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന്‌ സെബിക്ക്‌ അയച്ച കത്തില്‍ ചൂണ്ടികാട്ടുന്നു. 2025ല്‍ ആണ്‌ കത്ത്‌ അയച്ചതെന്ന്‌ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സെബിയുടെ പ്രതികരണം എന്താണെന്ന്‌ അറിവായിട്ടില്ല.

2024 ഡിസംബര്‍ ഒന്‍പതിനാണ്‌ കല്യാണ്‍ ജ്വല്ലേഴ്‌സ്‌ ഓഹരി എഫ്‌&ഒ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്‌. 2024 ഡിസംബര്‍ അവസാനത്തോടെ ഫ്യൂച്ചേഴ്‌സ്‌ കോണ്‍ട്രാക്‌ടുകള്‍ ഡെലിവറി മാര്‍ക്കറ്റിലേതില്‍ നിന്നും താഴ്‌ന്ന വിലയില്‍ വ്യാപാരം ചെയ്യാന്‍ തുടങ്ങി. 2025 ജനുവരി ഏഴിന്‌ 10.30നും 11നും ഇടയില്‍ പ്രൊമോട്ടര്‍മാര്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടെന്നും ഫണ്ട്‌ മാനേജര്‍മാര്‍ക്ക്‌ കോഴി നല്‍കിയെന്നും ഉള്‍പ്പെടെയുള്ള പല വിധത്തിലുള്ള അഭ്യൂഹങ്ങള്‍ കമ്പനിയെ കുറിച്ച്‌ പ്രചരിക്കാന്‍ തുടങ്ങി. ഈ ആരോപണങ്ങള്‍ കല്യാണ്‍ ജ്വല്ലേഴ്‌സ്‌ നിഷേധിച്ചിരുന്നു.

ഓഹരി വില ഇടിവില്‍ നിന്നും ലാഭമെടുക്കാനായി ഷോര്‍ട്ട്‌ പൊസിഷനുകള്‍ എടുത്തതിനു ശേഷം ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകളുടെ പ്രചാരണം നടത്തി ഓഹരി വില ഇടിയാന്‍ വഴിയൊരുക്കുകയാണ്‌ ചെയ്‌തതെന്ന്‌ കമ്പനി ആരോപിക്കുന്നു. 2025 ജനുവരി ആറിന്‌ 745 രൂപ വിലയുണ്ടായിരുന്ന കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരി ജനുവരി 30ന്‌ 440.65 രൂപയായി ഇടിഞ്ഞു.

നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനും വിപണിയുടെ ഭദ്രത നിലനിര്‍ത്താനും ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ വിഭാഗത്തില്‍ നിന്ന്‌ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരിയെ താല്‍ക്കാലികമായി ഒഴിവാക്കണമെന്നാണ്‌ കമ്പനി ആവശ്യപ്പെട്ടത്‌.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരിയില്‍ സമീപകാലത്തായി കനത്ത ചാഞ്ചാട്ടമാണ്‌ നിലനില്‍ക്കുന്നത്‌. 2024 ഡിസംബറില്‍ 770 രൂപ വരെ വില ഉയര്‍ന്നിരുന്നു. അതിനു ശേഷം കനത്ത തിരുത്തല്‍ ഈ ഓഹരിയിലുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *