സെര്‍ട്ടസ് കാപിറ്റല്‍ ഭവന പദ്ധതിയില്‍ 125 കോടി രൂപ നിക്ഷേപിച്ചു
May 18, 2024 0 By BizNewsകൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപ സ്ഥാപനമായ സെര്‍ട്ടസ് കാപിറ്റല്‍ അവരുടെ സുരക്ഷിത കടപ്പത്ര പ്ലാറ്റ്‌ഫോമായ ഏണസ്റ്റ് ഡോട്ട് മി ക്കായി ചെന്നൈയിലെ പുതിയ ഭവന പദ്ധതിയില്‍ 125 കോടി രൂപ നിക്ഷേപിച്ചു. കെകെആറിന്റെ മുന്‍ ഡയറക്ടര്‍ ആഷിഷ് ഖണ്ഡേലിയയാണ് സെര്‍ട്ടസ് കാപിറ്റലിന്റെ സ്ഥാപകന്‍.
ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സംരംഭകരായ കാസാഗ്രാന്റാണ് ചെന്നൈയിലെ പ്രധാന കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പദ്ധതിയുടെ നടത്തിപ്പുകാര്‍. 19 വര്‍ഷം മുമ്പ് അരുണ്‍ എംഎന്‍ സ്ഥാപിച്ച കാസാഗ്രാന്റ് ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളിലായി 100 ല്‍പരം പദ്ധതികളിലൂടെ 19 മില്യണ്‍ ചതുരശ്ര അടിയില്‍ കെട്ടിട നിര്‍മ്മാണം നടത്തിയിട്ടുണ്ട്.
2023 സാമ്പത്തിക വര്‍ഷം 5.8 മില്യണ്‍ ചതുരശ്ര അടി നിര്‍മ്മിത സ്ഥലം വില്‍പന നടത്തിയ കാസാഗ്രാന്റ് ഇന്ത്യയിലെ ലിസ്റ്റു ചെയ്യപ്പെട്ട റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ അഞ്ചാം സ്ഥാനത്താണ്. സുരക്ഷിത കടപ്പത്രങ്ങളിലൂടെ നടത്തുന്ന നിക്ഷേപത്തിന് 15 ശതമാനം ലാഭമാണ് ( IRR) സെര്‍ട്ടസ് വാഗ്ദാനം ചെയ്യുന്നത്.
ഏണസ്റ്റ് ഡോട്ട് മി യിലൂടെ 2025 സാമ്പത്തിക വര്‍ഷത്തോടെ 1000 കോടി രൂപ നിക്ഷേപിക്കാനാണ് സെര്‍ട്ടസ് കാപിറ്റല്‍ ലക്ഷ്യമിടുന്നത്. ഈയിടെ പൂനെയിലെ ഒരു പ്രധാന വ്യാപാര സമുച്ചയ നിര്‍മ്മാണ പദ്ധതിയില്‍ കമ്പനി 130 കോടി രൂപ നിക്ഷേപിക്കുകയുണ്ടായി.
റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ സമാന്തര മൂലധന സംവിധാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാസാഗ്രാന്റില്‍ നിക്ഷേപം നടത്തുന്നതെന്നും ഇതു വഴി പ്രാഗത്ഭ്യം തെളിയിച്ച റിയല്‍ എസ്റ്റേറ്ര് കമ്പനികളില്‍ പണം മുടക്കാന്‍ നിക്ഷേപകര്‍ക്ക് അവസരം ലഭിക്കുമന്നും സെര്‍ട്ടസ് സ്ഥാപകന്‍ ആഷിഷ് ഖണ്ഡേലിയ പറഞ്ഞു.
2018ല്‍ കമ്പനി സ്്ഥാപിക്കപ്പെട്ടതിനു ശേഷം എന്‍ബി എഫ്‌സികള്‍ക്കും ഹൗസിംഗ് ഫൈനാന്‍സ് കമ്പനികള്‍ക്കുമായി സെര്‍ട്ടസ് കാപിറ്റല്‍ 40,000 കോടിയില്‍ പരം രൂപയുടെ വായ്പകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
വിദേശ സ്ഥാപന നിക്ഷേപകര്‍ക്കായി 10,000 കോടിയോളം രൂപയുടെ നിക്ഷേപ, റിയല്‍ എസ്റ്റേറ്റ്, വെയര്‍ ഹൗസിംഗ് മേഖലകളില്‍ കമ്പനി നിക്ഷേപ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി.
കമ്പനിയുടെ സുരക്ഷിത്ര കട നിക്ഷേപ സംവിധാനമായ ഏണസ്റ്റ് ഡോട്ട് മി രൂപീകരിക്കപ്പെട്ടത് 2022 ഫെബ്രുവരിയിലാണ്.