2026ലെ മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ നുനെസ്, വെനസ്വേലയുടെ ക്ലാര വെഗാസ് ഗോയറ്റ്സ് എന്നിവരെ പിന്തള്ളിയാണ് ബാരെറ്റോ 75-ാമത് മിസ് യൂണിവേഴ്സ് പട്ടം നേടിയത്.
മത്സരത്തിന്റെ അവസാന ഘട്ടത്തിന് തൊട്ടുമുമ്പുള്ള റൗണ്ടിൽ 27കാരിയായ ബാരെറ്റോയോട് ചോദിച്ചത് നിർമിതബുദ്ധിയുമായി (എഐ) ബന്ധപ്പെട്ട ചോദ്യമായിരുന്നു. എഐയുടെ വളർച്ചയ്ക്കിടയിൽ മനുഷ്യർ ഒരിക്കലും കൈവിടാൻ പാടില്ലാത്ത ഏറ്റവും പ്രധാനപ്പെട്ട മൂല്യം എന്താണെന്നായിരുന്നു ചോദ്യം. അൽപ്പനേരം ആലോചിച്ച ശേഷം ആത്മവിശ്വാസത്തോടെയായിരുന്നു സാമൂഹിക പ്രവർത്തക കൂടിയായ ബാരെറ്റോയുടെ മറുപടി.
“നിർമിതബുദ്ധി ഇവിടെ നിലനിൽക്കാൻ വന്നതാണ്. അത് വിവേകത്തോടെ ഉപയോഗിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് ഞാൻ കരുതുന്നു. നിർമിതബുദ്ധിക്ക് നമ്മുടെ മൂല്യങ്ങളെ സ്വാധീനിക്കാൻ കഴിയുന്നുണ്ടെങ്കിൽ, അവ യഥാർഥത്തിൽ ഒരിക്കലും നമ്മുടെ മൂല്യങ്ങളായിരുന്നില്ല. നമ്മളെ നമ്മളാക്കുന്നതും സ്വന്തം വ്യക്തിത്വത്തോട് സത്യസന്ധരായി തുടരാൻ സഹായിക്കുന്നതും മൂല്യങ്ങളാണ്.”
അവസാന റൗണ്ടിൽ എല്ലാ മത്സരാർഥികളോടും ഒരേ ചോദ്യമാണ് ഉന്നയിച്ചത്: “ഇന്നത്തെ ലോകത്തിന് നേതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് എന്താണ്?”
”പ്രൊഫഷണൽ സമീപനവും സഹാനുഭൂതിയുമുള്ള നേതാക്കളെയാണ് ലോകത്തിന് ഇപ്പോൾ ആവശ്യം. നമ്മൾ പലപ്പോഴും പരസ്പരം വിധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ലോകത്താണ് ജീവിക്കുന്നത്. എന്നാൽ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് മാതൃകയാകാനും ഉയർന്ന നിലവാരം സ്ഥാപിക്കാനും നേതാക്കൾക്ക് കഴിയണം. ഒരു നേതാവാകാൻ ആഗ്രഹിക്കുന്ന വ്യക്തിയെന്ന നിലയിൽ, സമൂഹത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ദീർഘകാല സ്വാധീനം സൃഷ്ടിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സമൂഹത്തിന്റെ ആവശ്യങ്ങൾ കേൾക്കുകയും ദോഷകരമായ പെരുമാറ്റങ്ങൾ തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുമ്പോഴാണ് യഥാർഥ മാറ്റമുണ്ടാകുന്നത്. നന്ദി.” സംയമനത്തോടെയും ആത്മവിശ്വാസത്തോടെയും ബാരെറ്റോ മറുപടി നൽകി.
ആരാണ് 2026ലെ മിസ് യൂണിവേഴ്സ് ജെന്നിഫർ ബാരെറ്റോ?
പ്യൂർട്ടോ റിക്കൻ മോഡലായ ജെന്നിഫർ ബാരെറ്റോയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ കീഴിൽ ടെക്സസിലെ ഫോർട്ട് ഹുഡിലായിരുന്നു. അധ്യാപികയായും ബാരെറ്റോ പ്രവർത്തിച്ചിട്ടുണ്ട്. കുടുംബ അഭിഭാഷക പദ്ധതിയുടെ ഭാഗമായി ഗാർഹിക പീഡനവും കുട്ടികൾക്കെതിരായ അതിക്രമങ്ങളും നേരിടുന്ന സൈനിക കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന ക്രൈസിസ് കോ-റെസ്പോണ്ടറായും പ്രവർത്തിച്ചു. അതോടൊപ്പം, പ്രതിരോധ-ഇടപെടൽ തന്ത്രങ്ങളെക്കുറിച്ച് നേതാക്കൾക്ക് പരിശീലനവും നൽകി.
കാൾ ആർ. ഡാർനൽ ആർമി മെഡിക്കൽ സെന്ററിൽ സന്നദ്ധപ്രവർത്തകയായും ബാരെറ്റോ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് പ്രിവൻഷൻ സ്പെഷ്യലിസ്റ്റായി ചുമതലയേറ്റ അവർ, സമൂഹത്തിന്റെ ആവശ്യങ്ങൾ വിലയിരുത്തുക, സമഗ്രമായ പ്രതിരോധ പദ്ധതികൾ വികസിപ്പിക്കുക, അപകടസാധ്യതകൾ വിശകലനം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സൈനിക സമൂഹങ്ങൾക്കിടയിലെ ദോഷകരമായ പെരുമാറ്റങ്ങൾ തടയുന്നതിനും ക്ഷേമം ശക്തിപ്പെടുത്തുന്നതിനുമായിരുന്നു ഈ പ്രവർത്തനങ്ങൾ.
സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി പ്യൂർട്ടോ റിക്കോയിലെ പീഡിയാട്രിക് ഡയബറ്റിസ് അസോസിയേഷനുമായും ബാരെറ്റോ സഹകരിക്കുന്നുണ്ട്. മോഡലിങ്ങിലും സൗന്ദര്യമത്സരങ്ങളിലും മുൻപരിചയമില്ലാതിരുന്നിട്ടും 2025ന്റെ തുടക്കത്തിൽ തന്നെ മിസ് യൂണിവേഴ്സ് പ്യൂർട്ടോ റിക്കോ മത്സരത്തിനായി ബാരെറ്റോ തയ്യാറെടുപ്പുകൾ ആരംഭിച്ചു. തുടർന്ന് 2026ലെ മിസ് യൂണിവേഴ്സ് പ്യൂർട്ടോ റിക്കോ മത്സരത്തിൽ സാൻ സെബാസ്റ്റ്യൻ നഗരസഭയെ പ്രതിനിധീകരിച്ചു. സ്വന്തം നാട്ടിൽ മിസ് യൂണിവേഴ്സ് പ്യൂർട്ടോ റിക്കോ കിരീടം നേടുന്ന ആദ്യ വിവാഹിതയും അമ്മയുമായ വനിതയെന്ന നേട്ടവും ബാരെറ്റോ സ്വന്തമാക്കി.

