‘മലയാള സിനിമയ്ക്ക് എന്നെ വേണ്ടായിരിക്കും’; രണ്ട് വർഷമായി അവസരമില്ലെന്ന് സ്വാസിക

മലയാള സിനിമയ്ക്ക് എന്നെ വേണ്ടായിരിക്കും’; രണ്ട് വർഷമായി അവസരമില്ലെന്ന് സ്വാസിക

Spread the News

 

മലയാള സിനിമയിൽനിന്ന് വിട്ടുനിൽക്കാൻ തനിക്ക് താൽപര്യമില്ലെന്നും എന്നാൽ അവസരങ്ങൾ ലഭിക്കാത്തതാണ് പ്രശ്നമെന്നും നടി സ്വാസിക. കഴിഞ്ഞ രണ്ട് വർഷമായി മലയാളത്തിൽ ഒരു സിനിമാ അവസരം പോലും ലഭിച്ചിട്ടില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ തിയറ്റർ സന്ദർശനത്തിനിടെ ഇന്ത്യൻ സിനിമ ഗാലറി എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു സ്വാസിക.

മലയാളത്തിൽ സിനിമകൾ ചെയ്യാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. മലയാളത്തിലെ സംവിധായകർക്ക് തന്നെ ആവശ്യമില്ലെങ്കിൽ തനിക്ക് എന്തുചെയ്യാനാകുമെന്നായിരുന്നു സ്വാസികയുടെ പ്രതികരണം. മലയാള സിനിമയ്ക്ക് തന്നെ വേണ്ടെന്നായിരിക്കുമെന്നും താരം പറഞ്ഞു.

“ഇവിടുത്തെ ഡയറക്ടർമാർക്ക് എന്നെ വേണ്ട. ഞാൻ എന്ത് ചെയ്യും? പിന്നെ മലയാള സിനിമയ്ക്ക് എന്നെ വേണ്ടായിരിക്കും. അല്ലാതെ ഇതിനൊക്കെ ഞാൻ എന്ത് ഉത്തരം പറയാനാണ്? എനിക്ക് അവസരങ്ങൾ കിട്ടുന്നില്ല. കിട്ടുമ്പോൾ ഉറപ്പായും വന്ന് ചെയ്യും. അല്ലാതെ ഞാൻ ചെയ്യാത്തതല്ല. രണ്ട് വർഷമായിട്ട് മലയാളത്തിൽ ഒരു അവസരവും വന്നിട്ടില്ല,” സ്വാസിക വ്യക്തമാക്കി.

മലയാള സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടല്ല താൻ മറ്റ് ഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവസരങ്ങൾ ലഭിച്ചാൽ മലയാളത്തിലേക്ക് തിരിച്ചെത്താൻ തയ്യാറാണെന്നും താരത്തിന്റെ വാക്കുകളിൽനിന്ന് വ്യക്തമാണ്. മലയാളത്തിൽനിന്ന് അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ച് സ്വാസിക നടത്തിയ തുറന്നുപറച്ചിൽ ഇതിനോടകം ശ്രദ്ധ നേടുന്നുണ്ട്.

ദുൽഖർ സൽമാൻ നായകനായ ‘ആകാശംലോ ഒക താര’യിലാണ് സ്വാസിക ഒടുവിലായി അഭിനയിച്ചത്.ചിത്രത്തിൽ ദുൽഖർ സൽമാന്റെ സഹോദരിയായിട്ടാണ് താരം വേഷമിട്ടിരിക്കുന്നത്. പവൻ സാദിനേനി സംവിധാനം ചെയ്ത ചിത്രം നവംബർ 20നാണ് തിയറ്ററുകളിലെത്തിയത്. സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായിക. ശ്രുതി ഹാസനും പ്രധാന വേഷത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *