പ്രാദേശിക വിപണികള്‍ പിടിക്കാന്‍ കല്യാണ്‍ ജുവലേഴ്സ്; ‘അക്ഷയ തങ്ക മാളിക’യുമായി തുടക്കം തമിഴ്നാട്ടില്‍

പ്രാദേശിക വിപണികള്‍ പിടിക്കാന്‍ കല്യാണ്‍ ജുവലേഴ്സ്; ‘അക്ഷയ തങ്ക മാളിക’യുമായി തുടക്കം തമിഴ്നാട്ടില്‍

Spread the News
പ്രാദേശിക വിപണികള്‍ പിടിക്കാന്‍ കല്യാണ്‍ ജുവലേഴ്സ്; ‘അക്ഷയ തങ്ക മാളിക’യുമായി തുടക്കം തമിഴ്നാട്ടില്‍

പ്രാദേശിക വിപണികളുടെ അഭിരുചിക്കും പാരമ്പര്യത്തിനും അനുസൃതമായി പുതിയ ഉപബ്രാന്‍ഡുകള്‍ അവതരിപ്പിക്കാനൊരുങ്ങി കേരളം ആസ്ഥാനമായ പ്രമുഖ ആഭരണ വിപണന ശൃംഖലയായ കല്യാണ്‍ ജുവലേഴ്സ്. ഇതിന്റെ ഭാഗമായി തമിഴ്നാട് വിപണിയെ ലക്ഷ്യമിട്ട് ‘അക്ഷയ തങ്ക മാളിക’ (ATM) എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് കമ്പനി പുറത്തിറക്കി.

കല്യാണ്‍ ജുവലേഴ്സ്, കാന്‍ഡിയര്‍ (Candere) എന്നിവയ്ക്ക് ശേഷം ഗ്രൂപ്പ് അവതരിപ്പിക്കുന്ന മൂന്നാമത്തെ ബ്രാന്‍ഡാണിത്.

കല്യാണ്‍ എന്ന മാതൃ ബ്രാന്‍ഡിന്റെ നിഴലിലല്ലാതെ തികച്ചും സ്വതന്ത്രമായ ബ്രാന്‍ഡായാകും ഇത് പ്രവര്‍ത്തിക്കുക. കല്യാണ്‍ ജുവലേഴ്സ് ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ‘കെ.ജെ.ജി ബ്രാന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ (KJG Brands Private Limited) എന്ന ഉപകമ്പനി (subsidiary) രൂപീകരിക്കുന്ന കാര്യം കമ്പനി നേരത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. ഈ പുതിയ കമ്പനിക്ക് കീഴില്‍ വരുന്ന പ്രധാന ബ്രാന്‍ഡുകളില്‍ ഒന്നാണ് എ.ടി.എം.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഈ പുതിയ സംരംഭത്തിനായി 300 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്. തമിഴ് നടന്‍ ശിവകാര്‍ത്തികേയനാണ് എ.ടി.എമ്മിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ശിവകാര്‍ത്തികേയനെ അണിനിരത്തിക്കൊണ്ടുള്ള വന്‍ പരസ്യ പ്രചാരണങ്ങള്‍ക്കും ചെന്നൈയില്‍ തുടക്കമായിട്ടുണ്ട്.

ആദ്യ ഷോറൂം 25,000 ചതുരശ്ര അടിയില്‍
ചെന്നൈയിലെ പ്രമുഖ റീറ്റെയ്ല്‍ ഹബ്ബായ ടി. നഗറിലെ പനഗല്‍ പാര്‍ക്കില്‍ ഓഗസ്റ്റ് 21നാണ് അക്ഷയ തങ്ക മാളികയുടെ ആദ്യ ഷോറൂം പ്രവര്‍ത്തനം ആരംഭിക്കുന്നത്. 25,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുങ്ങുന്ന ഈ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറിന് പുറമേ, വരും മാസങ്ങളില്‍ സംസ്ഥാനത്ത് നാല് സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് കല്യാണ്‍ ജുവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ വളര്‍ച്ച ഉറപ്പാക്കിയ ശേഷം തമിഴ് ജനത കൂടുതലുള്ള പ്രദേശങ്ങളിലും ഷോറൂമുകള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ലക്ഷ്യം തനത് വിപണി
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടിലെ ഉപഭോക്താക്കളുടെ സവിശേഷമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എ.ടി.എം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സ്റ്റോറിന്റെ പേര്, ആഭരണ രൂപകല്‍പ്പനകള്‍, ജീവനക്കാര്‍, മാര്‍ക്കറ്റിംഗ് കാമ്പെയ്നുകള്‍ എന്നിവയെല്ലാം 100 ശതമാനവും തമിഴ്നാടിന്റെ തനത് സംസ്‌കാരത്തിനും ശൈലിക്കും അനുയോജ്യമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിസൈനുകള്‍, ആഭരണങ്ങളുടെ തൂക്കം, വില എന്നിവയിലെല്ലാം സംസ്ഥാനത്തെ ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും കമ്പനി അറിയിച്ചു.

ഓരോ പ്രാദേശിക വിപണിക്കും അനുസരിച്ചുള്ള ആഭരണങ്ങള്‍ അവതരിപ്പിക്കുന്ന ഹൈപ്പര്‍ ലോക്കല്‍ ബ്രാന്‍ഡാണ് കല്യാണ്‍ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക വിപണികള്‍ക്കായും പ്രാദേശിക ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാന്‍ കല്യാണിന് പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *