ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി സ്വന്തമാക്കി. ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ജാപ്പനീസ് നിക്ഷേപക കമ്പനിയായ സോഫ്റ്റ്‌ബാങ്ക് സി.ഇ.ഓ മസായോഷി സൺ എന്നിവരെ പിന്നിലാക്കിയാണ് അദാനി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
റിപ്പോർട്ട് പ്രകാരം അദാനിയുടെ ആസ്തി 89.2 ബില്യൺ ഡോളറായി ഉയർന്നു. അടുത്തിടെ അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനികളായ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി പവർ, അംബുജ സിമെന്റ്സ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിന്റെ ഫലമായി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യവും വൻതോതിൽ വർധിച്ചു. ഓഹരി വിപണിയിലെ ഈ മുന്നേറ്റം അദാനിയുടെ വ്യക്തിഗത സമ്പത്തിലും വലിയ വർധനയുണ്ടാക്കി.
2023-ൽ അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ നൂറുകണക്കിന് ബില്യൺ ഡോളറുകളുടെ ഇടിവുണ്ടായതോടെ ഗൗതം അദാനിയുടെ സമ്പത്തും കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മാസം കേസ് യു.എസ് കോടതി തളളിയതോടെ അദാനിയുടെ ആസ്തിയിൽ വർധനവുണ്ടാവുകയായിരുന്നു.
പട്ടികയിൽ മുകേഷ് അംബാനി (88 ബില്യൺ ഡോളർ) രണ്ടാമതും സോഫ്റ്റ്‌ബാങ്കിന്റെ മസായോഷി സൺ (87ബില്യൺ ഡോളർ) മൂന്നാമതുമാണ്. ആഗോള സമ്പന്നരുടെ പട്ടികയിൽ അമേരിക്കൻ ശതകോടീശ്വരന്മാർ മുൻനിരയിൽ തുടരുന്നു. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി എലോൺ മസ്‌ക് പട്ടികയിൽ ഒന്നാംസ്ഥാനത്തുണ്ട്. 800 ബില്യൺ ഡോളറിലധികം ആസ്തിയോടെയാണ് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഗൂഗിളിന്റെ സഹസ്ഥാപകൻ ലാറി പേജ്. ഗൂഗിളിന്റെ സഹസ്ഥാപകൻ സെർജി ബ്രിൻ മൂന്നാംസ്ഥാനം എന്നിങ്ങനെയാണ്.

