പ്രതികൂല സാഹചര്യത്തിലും കുതിച്ച്‌ കോഴി വില

പ്രതികൂല സാഹചര്യത്തിലും കുതിച്ച്‌ കോഴി വില

Spread the News
പ്രതികൂല സാഹചര്യത്തിലും കുതിച്ച്‌ കോഴി വില

കൊച്ചി: പാചവാതക പ്രതിസന്ധി മുതല്‍ പക്ഷിപ്പനി വരെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ കിലോഗ്രാമിന് 165-175 രൂപയായിരുന്നു വില. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു.

പാചകവാതക ക്ഷാമത്തെതുടർന്ന് ഹോട്ടലുകള്‍ അടച്ചത് ഇറച്ചിക്കോഴി വിപണിക്ക് തിരിച്ചടിയായെങ്കിലും റംസാൻ, ഈസ്റ്റർ സീസണുകളും കടുത്ത ചൂടില്‍ പൗള്‍ട്രി ഫാമുകളില്‍ ഉത്പ്പാദനം കുറഞ്ഞതുമാണ് അനുകൂലമായത്.

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനിയുണ്ടായെങ്കിലും വില്‍പ്പനയെ ബാധിച്ചില്ല. മുൻ വർഷങ്ങളില്‍ ക്രിസ്മസ്, ഈസ്റ്റർ സീസണില്‍ പക്ഷിപ്പനിയുടെ പേരില്‍ കോഴിയിറച്ചിയുടെ ഉപഭോഗവും വിലയും കുറഞ്ഞിരുന്നു.

വേനല്‍ചൂട് തുടർന്നാല്‍ ഈസ്റ്റർ സീസണില്‍ ഇറച്ചിക്കോഴിക്ക് ക്ഷാമം രൂക്ഷമായേക്കും. ഈസ്റ്റർ കോഴികള്‍ നിലവില്‍ പകുതിവളർച്ചയിലാണ്. ഒരു കോഴിക്ക് ദിവസം അരലിറ്റർ ശുദ്ധജലം വേണം. പല വൻകിട ഫാമുകളിലും ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നില്ല. കനത്തചൂട് അതിജീവിക്കാനാവാതെ കോഴിക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചാകുന്നുമുണ്ട്. കേരളത്തില്‍ വില്‍ക്കുന്ന ഇറച്ചിക്കോഴികളില്‍ 60ശതമാനവും ആഭ്യന്തരമായി വളർത്തുന്നതാണ്.

 പശ്ചിമേഷ്യൻ യുദ്ധം വിനയാകും
യുദ്ധം അനിശ്ചിതമായി നീണ്ടുപോയാല്‍ രാജ്യത്താകമാനം മുട്ട- ഇറച്ചി കോഴി ഫാമുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് പൗള്‍ട്രി ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. നാസർ പറഞ്ഞു.

കോഴിത്തീറ്റയ്ക്കുള്ള അസംസ്കൃത വസ്തുക്കള്‍ റഷ്യ, നെതർലൻഡ്, തായ്‌വാൻ എന്നിവിടങ്ങളില്‍ നിന്നാണ് എത്തുന്നത്. കപ്പലുകള്‍ എത്തിയില്ലെങ്കില്‍ കോഴിത്തീറ്റയുടെ ഉത്‌പ്പാദനം കുറയും. അതോടെ ഫാമുകള്‍ അടക്കേണ്ടി വരുമെന്നും നസീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *