ഇന്ത്യയെ കൈവിട്ട് ആഗോള ഫണ്ടുകള്‍

ഇന്ത്യയെ കൈവിട്ട് ആഗോള ഫണ്ടുകള്‍

Spread the News
ഇന്ത്യയെ കൈവിട്ട് ആഗോള ഫണ്ടുകള്‍

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുരടിപ്പിക്കുമെന്ന ആശങ്കയില്‍ ആഗോള ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിന്ന് വൻതോതില്‍ പണം പിൻവലിക്കുന്നു. ക്രൂഡോയില്‍ വില 110 ഡോളറില്‍ തുടരുന്നതും രൂപയുടെ മൂല്യത്തകർച്ചയുമാണ് നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നത്.

ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്ത ആക്രമണം ആരംഭിച്ച്‌ മൂന്ന് ആഴ്ച പിന്നിടുമ്പോഴും യുദ്ധം അവസാനിക്കുന്ന സൂചനയില്ലാത്തതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ വാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 35,475 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയില്‍ വിറ്റൊഴിഞ്ഞത്. മാർച്ചില്‍ മൊത്തം 94,00 കോടി രൂപയാണ് വിദേശ ഫണ്ടുകള്‍ പിൻവലിച്ചത്.

ധനകാര്യ, വാഹന, ടെലികോം, നിർമ്മാണ മേഖലകളിലെ കമ്പനികളുടെ ഓഹരികളാണ് ഏറ്റവുമധികം വില്‍പ്പന സമ്മർദ്ദം നേരിട്ടത്. ഇതോടെ ഇന്ത്യയിലെ പ്രധാന ഓഹരി സൂചികയായ സെൻസെക്സ് മാർച്ചില്‍ ഇതുവരെ 6,750 പോയിന്റ് ഇടിഞ്ഞു.

യുദ്ധത്തിന്റെ തീവ്രത കുറയാത്തതിനാല്‍ വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായേക്കും. നടപ്പുമാസത്തെ 16 സെഷനുകളിലും വിദേശ ഫണ്ടുകള്‍ തുടർച്ചയായി വില്‍പ്പന മൂഡിലായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ തുടർച്ചയായി വിദേശ നിക്ഷേപകർ നടത്തുന്ന ഏറ്റവും വലിയ പിന്മാറ്റമാണിത്.

വിദേശ നിക്ഷേപകരുടെ വില്‍പ്പന
തിയതി പിൻവലിച്ച തുക
മാർച്ച്‌ 16 10,827 കോടി രൂപ
മാർച്ച്‌ 17 9,406.78 കോടി രൂപ
മാർച്ച്‌ 18 4,376.02 കോടി രൂപ
മാർച്ച്‌ 20 10,965.74 കോടി രൂപ

നിക്ഷേപകരുടെ പ്രധാന ആശങ്ക

  1. പശ്ചിമേഷ്യയിലെ യുദ്ധം ക്രൂഡോയില്‍ വിലയില്‍ കുതിപ്പുണ്ടാക്കുന്നു
  2. യു.എസ് ബോണ്ടുകളിലും ഡോളറിലും നിക്ഷേപം വർദ്ധിപ്പിക്കുന്നു
  3. ഇന്ധന പ്രതിസന്ധി ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചേക്കും
  4. ഫെഡറല്‍ റിസർവ് പലിശയില്‍ മാറ്റമില്ലാത്തതിനാല്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രിയം
    നടപ്പുവർഷം ഇതുവരെ വിദേശ നിക്ഷേപകർ പിൻവലിച്ച തുക 1,37,000 കോടി രൂപ

താങ്ങായി ആഭ്യന്തര നിക്ഷേപകർ
വിദേശ ഫണ്ടുകള്‍ സൃഷ്‌ടിച്ച കനത്ത വില്‍പ്പന സമ്മർദ്ദത്തിലും ഇന്ത്യൻ ഓഹരി വിപണിയ്ക്ക് പിന്തുണയുമായി ആഭ്യന്തര നിക്ഷേപകർ. നടപ്പുവർഷം ഇതുവരെ മ്യൂച്വല്‍ ഫണ്ടുകളും ആഭ്യന്തര നിക്ഷേപകരും ചേർന്ന് 1.99 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും നിക്ഷേപ ഒഴുക്കിനെ കാര്യമായി ബാധിച്ചിട്ടില്ല. സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പ്ളാനുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലൂടെ ശരാശരി 30,000 കോടി രൂപയാണ് ഓരോ മാസവും ഇന്ത്യയില്‍ മുടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *