₹33,727 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി
August 17, 2024 0 By BizNewsന്യൂഡൽഹി: ₹33,727 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചു.
ബംഗളുരു മെട്രോയുടെ രണ്ട് ഇടനാഴികൾ, പൂനെ മെട്രോ ഒന്നാംഘട്ട പദ്ധതി, സിലിഗുഡി ബാഗ്ദോര വിമാനത്താവളത്തിന് പുതിയ സിവിൽ സമുച്ചയം തുടങ്ങിയവയ്ക്കുൾപ്പെടെ മന്ത്രിസഭാ അംഗീകാരം നൽകി.
ബംഗളുരു മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ രണ്ട് ഇടനാഴികൾ നിർമിക്കുന്നതിന് അനുമതി. 44.5 കിലോമീറ്റർ പാളവും 31 സ്റ്റേഷനുകളും അടങ്ങുന്നതാണ് ഈ ഘട്ടം. അടുത്ത അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 15,611 കോടി രൂപയാണ്. മൂന്നാംഘട്ടം പൂർത്തിയാകുമ്പോൾ ബംഗളുരു മെട്രോക്ക് 220.20 കിലോമീറ്റർ പാതയാകും.
പൂനെ മെട്രോ ഒന്നാംഘട്ട പദ്ധതി വിപുലപ്പെടുന്ന നിർമാണവും അനുവദിച്ചു. 5.46 കിലോമീറ്റർ പാതക്ക് കണക്കാക്കുന്ന ചെലവ് 2,954.53 കോടി രൂപ. 2029 ഫെബ്രുവരിയിൽ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
12,200 കോടി രുപ ചെലവു വരുന്ന മഹാരാഷ്ട്രയിലെ താനെ സംയോജിത റിങ് മെട്രോ റെയിൽ പദ്ധതിക്ക് അനുമതിയായി. 29 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. 22 സ്റ്റേഷനുകൾ. അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കും.
പശ്ചിമ ബംഗാളിലെ സിലിഗുഡി ബാഗ്ദോര വിമാനത്താവളത്തിന് പുതിയ സിവിൽ സമുച്ചയം, ബിഹാറിലെ പട്ന ബിഹ്തയിൽ സിവിൽ സമുച്ചയം എന്നിവ നിർമിക്കാൻ യഥാക്രമം 1,549ഉം 1,413ഉം കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു.