യുനൈറ്റഡ് അറബ് ബാങ്കിന് 65 ശതമാനം ലാഭ വർധന
February 18, 2024ദുബൈ: കഴിഞ്ഞ വർഷം അറ്റ ലാഭത്തിൽ 65 ശതമാനം വളർച്ച നേടിയതായി യുനൈറ്റഡ് അറബ് ബാങ്ക് അറിയിച്ചു. 2023ൽ 225 ദശലക്ഷമാണ് ബാങ്കിന്‍റെ അറ്റ ലാഭം. തൊട്ടു മുമ്പുള്ള വർഷം 155 ദശലക്ഷമായിരുന്നു അറ്റ ലാഭമെന്നും ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ചെലവ് ചുരുക്കലിൽ അച്ചടക്കം പുലർത്തിയതോടൊപ്പം പ്രതീക്ഷിച്ച ക്രഡിറ്റ് നഷ്ടം കുറക്കാനായതും മികച്ച പ്രവർത്തനം കാഴ്ചവെച്ചതുമാണ് ലാഭ വർധനവിന് പിന്തുണയേകിയത്. ബാങ്കിന്‍റെ മൊത്തം പ്രവർത്തന വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2023ൽ 15 ശതമാനവാണ് രേഖപ്പെടുത്തിയത്.
മൊത്തം ആസ്തി വരുമാനത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർധനയുണ്ട്. നിലവിൽ 17.6 ശതകോടിയാണ് ബാങ്കിന്‍റെ ആസ്തി. വായ്പ രംഗത്തുള്ള ശക്തമായ വളർച്ച, ഇസ്ലാമിക് സാമ്പത്തിക ഇടപാട്, കൂടാതെ നിക്ഷേപ ഘടന എന്നിവയിലെ മികച്ച പ്രകടനമാണ് ആസ്തി വർധനവിനെ മുന്നോട്ടുനയിച്ചതെന്നും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.