ക്ഷീരകര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടി; മില്‍മ കാലിത്തീറ്റ വിലകൂട്ടി, പാല്‍ ഉല്‍പ്പാദനച്ചെലവ് ഉയരുന്നു

ക്ഷീരകര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടി; മില്‍മ കാലിത്തീറ്റ വിലകൂട്ടി, പാല്‍ ഉല്‍പ്പാദനച്ചെലവ് ഉയരുന്നു

Spread the News
ക്ഷീരകര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടി; മില്‍മ കാലിത്തീറ്റ വിലകൂട്ടി, പാല്‍ ഉല്‍പ്പാദനച്ചെലവ് ഉയരുന്നു

തിരുവനന്തപുരം: കാലിത്തീറ്റ വിലവര്‍ധനയും സബ്സിഡി നിര്‍ത്തലാക്കിയതും കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാകുന്നു. മില്‍മ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ഒറ്റയടിക്ക് 200 രൂപയാണ് വര്‍ധിപ്പിച്ചത്.

നേരത്തേ 1,550 രൂപയായിരുന്ന കാലിത്തീറ്റയ്ക്ക് സബ്സിഡി ലഭിച്ചിരുന്നതിനാല്‍ കര്‍ഷകര്‍ക്ക് 1,350 രൂപയ്ക്കായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ സബ്സിഡി നിലച്ചതോടെ ഇപ്പോള്‍ ഒരു ചാക്കിന് 1,750 രൂപ നല്‍കേണ്ട സാഹചര്യമാണുള്ളത്.

200 രൂപയുടെ സബ്സിഡി ഇല്ലാതായി
ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് നല്‍കിയിരുന്ന 200 രൂപയുടെ സബ്സിഡിയാണ് മാസങ്ങളായി ലഭിക്കാതായത്. മില്‍മ ഫെഡറേഷനും അതത് മേഖലാ യൂണിയനുകളും 100 രൂപ വീതമായിരുന്നു സബ്സിഡി നല്‍കിയിരുന്നത്.

ഫെഡറേഷന്റെ സബ്സിഡി നേരത്തേ തന്നെ നിലച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ പാല്‍വില വര്‍ധിപ്പിച്ചതിന് പിന്നാലെ മേഖലാ യൂണിയനുകളും സബ്സിഡി നല്‍കുന്നത് അവസാനിപ്പിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് കാലിത്തീറ്റ വാങ്ങുന്നതിനുള്ള ചെലവ് ഗണ്യമായി വര്‍ധിച്ചു.

പിണ്ണാക്കിനും ചോളപ്പൊടിക്കും പൊള്ളുന്ന വില
കാലിത്തീറ്റയ്ക്ക് മാത്രമല്ല, പശുക്കള്‍ക്ക് നല്‍കുന്ന മറ്റ് തീറ്റകള്‍ക്കും വില കുതിച്ചുയരുകയാണ്. പിണ്ണാക്ക്: 50 കിലോ ചാക്കിന് 1,800 രൂപയായിരുന്നത് 2,750 രൂപയായി. ചോളപ്പൊടി: 1,300 രൂപയായിരുന്നത് മൂന്ന് മാസത്തിനിടെ 1,950 രൂപയായി. വൈക്കോല്‍ തിരുവനന്തപുരത്ത് 30 കിലോയുടെ ഒരു കെട്ടിന് ഇപ്പോള്‍ 400 രൂപയാണ്. നേരത്തേ 250 മുതല്‍ 300 രൂപ വരെയായിരുന്നു വില.

സ്വകാര്യ കാലിത്തീറ്റ കമ്പനികളും സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്സും അടുത്തിടെ വില വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ക്ഷീരകര്‍ഷകര്‍ക്ക് തീറ്റച്ചെലവ് താങ്ങാനാകാത്ത നിലയിലേക്ക് ഉയരുകയാണ്.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് കാലിത്തീറ്റ വില ഉയര്‍ത്താന്‍ കാരണമെന്നാണ് മില്‍മ ഫെഡറേഷന്റെ വിശദീകരണം. പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്ന സാഹചര്യം ശക്തമായതോടെ കാലിത്തീറ്റ നിര്‍മാണത്തിന് ആവശ്യമായ ചോളത്തിന്റെ ലഭ്യത കുറഞ്ഞുവെന്നാണ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതിനുപുറമെ മധ്യപൂര്‍വേഷ്യയിലെ യുദ്ധസാഹചര്യം മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വിലയെയും ബാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *