ഇന്ത്യയിൽ കല്യാണ സീസണ്‍ തുടങ്ങുന്നു: 45 ദിവസത്തിനിടെ ആറരലക്ഷം കോടിയുടെ ബിസിനസ്!

ഇന്ത്യയിൽ കല്യാണ സീസണ്‍ തുടങ്ങുന്നു: 45 ദിവസത്തിനിടെ ആറരലക്ഷം കോടിയുടെ ബിസിനസ്!

Spread the News
ഇന്ത്യയിൽ കല്യാണ സീസണ്‍ തുടങ്ങുന്നു: 45 ദിവസത്തിനിടെ ആറരലക്ഷം കോടിയുടെ ബിസിനസ്!

അഹമ്മദാബാദ്: ഇന്ത്യയില്‍ വിവാഹ സീസണിന് തുടക്കമാകുന്നു. 45 ദിവസം കൊണ്ട് 46 ലക്ഷം വിവാഹങ്ങള്‍, 6.5 ലക്ഷം കോടി രൂപയുടെ ഭീമന്‍ ബിസിനസ്. സ്വര്‍ണം, വസ്ത്രം, വേദി, കാറ്ററിംഗ്, യാത്ര, ഫോട്ടോഗ്രാഫി എന്നിങ്ങനെ എല്ലാ മേഖലകളിലും പണമൊഴുകുമ്പോള്‍, ബ്ലൂംബെര്‍ഗിന്റെ കണക്കില്‍ ഇന്ത്യയിലെ വിവാഹങ്ങള്‍ വര്‍ഷം തോറും സൃഷ്ടിക്കുന്നത് 130 ബില്യണ്‍ ഡോളര്‍ ചെലവാണ്. 2025ലെ രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ ഏകദേശം 3.25 ശതമാനം വരുമിത്.ലോകത്തെ രണ്ടാമത്തെ വലിയ വിവാഹ വിപണി ഇവിടെയാണ്.

കുടുംബത്തിന്റെ ഏറ്റവും വലിയ ആഘോഷം
ഇന്ത്യയില്‍ വിവാഹം എന്നാല്‍ രണ്ട് പേരുടെ കൂടിച്ചേരല്‍ മാത്രമല്ല, രണ്ട് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും വലിയ ആഘോഷമാണ്! 30 വയസ്സിനുള്ളില്‍ 97% ഇന്ത്യന്‍ സ്ത്രീകളും വിവാഹിതരാകുന്നുവെന്നാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് ഡയറക്ടര്‍ സോണാല്‍ഡെ ദേശായി പറയുന്നത്. 93-94% വിവാഹങ്ങളും മാതാപിതാക്കള്‍ ഏര്‍പ്പാടാക്കുന്നവയാണെങ്കിലും, ഇന്ന് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. ‘വിവാഹത്തില്‍ ഒരു നിശ്ചിത ആഡംബരം കാണിക്കണം എന്ന തോന്നല്‍ എല്ലാ കുടുംബത്തിനുമുണ്ട്, അതാണ് കുടുംബത്തിന്റെ സാമൂഹിക നില ഉയര്‍ത്തുന്നത്,’ എന്ന് ദേശായി പറയുന്നു.

ഇന്ത്യന്‍ വിവാഹ സമ്പദ് വ്യവസ്ഥയില്‍ സ്വര്‍ണത്തിന് നിര്‍ണായക പങ്കുണ്ട്. ഇന്ത്യന്‍ കുടുംബങ്ങളില്‍ ഏകദേശം 35,000 ടണ്‍ സ്വര്‍ണം ഉണ്ടെന്നാണ് കണക്ക്. ഇത് അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ ഒന്നിച്ച് കൈവശം വയ്ക്കുന്നതിനേക്കാളും കൂടുതലാണ്. വിവാഹത്തിനായി വാങ്ങുന്ന സ്വര്‍ണം പലപ്പോഴും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയുടെ ഭാഗമാകുന്നു. പണം ആവശ്യമുള്ളപ്പോള്‍ ആഭരണങ്ങള്‍ പണയം വെച്ച് വായ്പ എടുക്കാം. വിവാഹത്തിന് സ്വര്‍ണം വാങ്ങാനും ചടങ്ങുകള്‍ക്കും ചെലവഴിക്കാനും ആളുകള്‍ സ്വര്‍ണ വായ്പയിലേക്കും തിരിയുന്നുണ്ട്.

വിവാഹ സീസണ്‍ ഒരേസമയം നിരവധി മേഖലകളിലേക്ക് പണം ഒഴുക്കുന്നു. ആഭരണ വ്യാപാരം, വസ്ത്ര വ്യവസായം, ഹോട്ടല്‍, ട്രാവല്‍, കാറ്ററിംഗ്, ഇവന്റ് മാനേജ്മെന്റ്, ഫോട്ടോഗ്രാഫി, ബ്യൂട്ടി സേവനങ്ങള്‍, അലങ്കാരം, വിനോദം എന്നിവയ്‌ക്കെല്ലാം വലിയ വര്‍ദ്ധനവ് അനുഭവപ്പെടുന്നു. വ്യാപാര സംഘടനകളുടെ കണക്കുകള്‍ പ്രകാരം, 45 ദിവസത്തെ വിവാഹ സീസണില്‍ ഏകദേശം 46 ലക്ഷം വിവാഹങ്ങള്‍ നടക്കുകയും 6.5 ലക്ഷം കോടി രൂപ വരെയുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

സമ്പാദ്യവും സ്വര്‍ണവുമാണ് പ്രധാന ധനസമാഹരണ മാര്‍ഗങ്ങളെങ്കിലും, വായ്പയും വിവാഹ സമ്പദ് വ്യവസ്ഥയുടെ ഭാഗമാകുന്നുണ്ട്. വിവാഹച്ചെലവിന്റെ ഏകദേശം 82 ശതമാനം സമ്പാദ്യത്തില്‍നിന്നാണ് നിര്‍വഹിക്കുന്നതെന്നും ബാക്കി വായ്പകളിലൂടെയാണെന്നും വ്യവസായ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ഇന്ത്യന്‍ വിവാഹത്തിന് ശരാശരി ചെലവാകുന്നത്, ഒരാള്‍ക്ക് വര്‍ഷം കിട്ടുന്ന ശരാശരി വരുമാനത്തിന്റെ 5 ഇരട്ടിയാണ്. വാര്‍ഷിക ചെലവില്‍ 130 ബില്യണ്‍ ഡോളറോടെ, ഇന്ത്യ ചൈനയ്ക്ക് പിന്നില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ വിവാഹ വിപണിയാകുന്നു. വിവാഹം രാജ്യത്തെ നാലാമത്തെ വലിയ വ്യവസായവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *