രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട്

രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട്

Spread the News
രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട്

ബെംഗളൂരു: രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായി റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ജൂലായ്-സെപ്റ്റംബർ പാദത്തിൽ നഗരപ്രദേശങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ ആറു പാദങ്ങളിലെ ഉയർന്ന നിരക്കിലെത്തി. ഇതിൽ കേരളമാണ് മുന്നിൽ.

സംസ്ഥാനത്ത് 15-നും 29-നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലെ തൊഴിലില്ലായ്മാ നിരക്ക് 28.9 ശതമാനമായി. രാജ്യത്തെ മൊത്തം കണക്കെടുത്താൽ ഈ വിഭാഗത്തിലെ നിരക്ക് മുമ്പത്തെ പാദത്തിലെ 18.2 ശതമാനത്തിൽനിന്ന് 18.9 ശതമാനമായി വർധിച്ചു. അതേസമയം, ഗ്രാമീണ മേഖലയിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനത്തിൽനിന്ന് 13.6 ശതമാനമായി കുറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള നിരക്ക് 15.3 ശതമാനത്തിലേക്ക് താഴാൻ സഹായിച്ചത് ഗ്രാമീണ മേഖലയിലെ നിരക്ക് കുറഞ്ഞതാണ്.

സംസ്ഥാനങ്ങൾ തമ്മിലുള്ള തൊഴിലില്ലായ്മാ നിരക്കിലെ വ്യത്യാസം പ്രാദേശിക സാമ്പത്തിക വളർച്ചയിലും തൊഴിലവസരങ്ങളിലുമുള്ള അസമത്വമാണ് പ്രതിഫലിപ്പിക്കുന്നത്. മാനവ വികസന സൂചികകളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽപോലും ഉയർന്ന വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യം നേരിടുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ്‌ ഓഫീസ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 20 പ്രധാന സംസ്ഥാനങ്ങളിൽ 15 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്കിൽ കേരളമാണ് മുന്നിൽ—8.7 ശതമാനം. പഞ്ചാബാണ് കേരളത്തിനു തൊട്ടുപിന്നിൽ. ഏറ്റവും കുറഞ്ഞ നിരക്ക് കർണാടകയിലാണ്—2.8 ശതമാനം.

2025 ജനുവരിയിൽ പരിഷ്‌കരിച്ച കറന്റ് വീക്ക്‌ലി സ്റ്റാറ്റസ് സർവേ രീതി പ്രകാരമാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം, പരിശോധനയ്ക്ക് വിധേയമാക്കിയ ആഴ്ചയിലെ ഏതെങ്കിലും ഒരു ദിവസത്തിൽ ഒരു മണിക്കൂർപോലും വേതനമുള്ള ജോലി ലഭിക്കാത്തവരെയാണ് കണക്കിലെടുത്തിട്ടുള്ളത്.

രാജ്യത്തെ മൊത്തം കണക്കെടുത്താൽ തൊഴിലില്ലായ്മ നിരക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും നഗരങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ ആറു പാദങ്ങളിലെ ഉയർന്ന നിരക്കിലെത്തിയതും കേരളം പോലുള്ള മാനവ വിഭവശേഷി ഉയർന്ന സംസ്ഥാനങ്ങളിലെ തൊഴിൽ പ്രതിസന്ധിയും നൽകുന്ന മുന്നറിയിപ്പ് അവഗണിക്കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *