റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകാൻ ‘ഐഎന്‍ആര്‍ കണക്‌റ്റ്‌’; ടാപ്പര്‍മാരുടെ ക്ഷാമം ഇനി മുതല്‍ ആപ്പ് പരിഹരിക്കും

റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകാൻ ‘ഐഎന്‍ആര്‍ കണക്‌റ്റ്‌’; ടാപ്പര്‍മാരുടെ ക്ഷാമം ഇനി മുതല്‍ ആപ്പ് പരിഹരിക്കും

Spread the News
റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകാൻ ‘ഐഎന്‍ആര്‍ കണക്‌റ്റ്‌’; ടാപ്പര്‍മാരുടെ ക്ഷാമം ഇനി മുതല്‍ ആപ്പ് പരിഹരിക്കും

കോട്ടയം: കേരളത്തിൽ വിദഗ്‌ധരായ ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ റബ്ബർ ബോർഡിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുന്നു. ടാപ്പിങ് നടത്താതെ കിടക്കുന്ന തോട്ടങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനാണ് ‘ഐഎൻആർ കണക്റ്റ്’ (INR Konnect) വികസിപ്പിച്ചിരിക്കുന്നത്.

വെബ്സൈറ്റായും പ്ലേ സ്റ്റോറിലെ ആപ്പായും ലഭ്യമായ ‘ഐഎൻആർ കണക്റ്റ്’ റബ്ബർ കർഷകരെയും ടാപ്പിംഗ് തൊഴിലാളികളെയും, ടാപ്പിംഗ് പ്രവർത്തനങ്ങൾക്കായി തോട്ടങ്ങൾ ഏറ്റെടുക്കാൻ താത്പര്യമുള്ള ഏജൻസികളെയും തമ്മിൽ ബന്ധിപ്പിക്കുന്നു.

താത്പര്യമുള്ളവർക്ക് മൊബൈൽ നമ്പർ ഉപയോഗിച്ച് ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം. കർഷകർക്ക് 100 രൂപയാണ് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ്. ടാപ്പിംഗ് തൊഴിലാളികൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. പ്രവർത്തനരഹിതമായ തോട്ടങ്ങളെ വീണ്ടും ഉത്‌പാദനക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി പറയുന്നു.

രാജ്യത്ത് ഏകദേശം 1.72 ലക്ഷം ഹെക്ടർ റബ്ബർ തോട്ടങ്ങളിൽ ഇപ്പോള്‍ ടാപ്പിംഗ് നടക്കുന്നില്ല. ഇത്തരം തോട്ടങ്ങൾ ഏറ്റെടുക്കുന്നതിനും, ടാപ്പിംഗ് പുനരാരംഭിക്കുന്നതിനും, അവയുടെ ഉത്‌പാദനക്ഷമത വീണ്ടെടുക്കുന്നതിനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപീകരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ 7,56,110 ഹെക്ടർ റബ്ബർ തോട്ടങ്ങൾ ടാപ്പിംഗിനായി സജ്ജമാണെങ്കിലും, 5,83,300 ഹെക്ടറിൽ മാത്രമാണ് പതിവായി ടാപ്പിംഗ് നടക്കുന്നത്.

ഉടമസ്ഥരുടെ അഭാവം, ടാപ്പിംഗ് തൊഴിലാളികളുടെ കുറവ്, കുറഞ്ഞ ഉത്‌പാദനക്ഷമത, ഭൂമി പല കഷണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നത്, റബ്ബർ വിലയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ കാരണങ്ങളാൽ ടാപ്പിംഗ് നടത്താതെ കിടക്കുന്ന തോട്ടങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനാണ് ഐഎൻആർ കണക്റ്റ് വികസിപ്പിച്ചത്. കാർഷിക മേഖലയിലേക്ക്, പ്രത്യേകിച്ച് റബ്ബർ കൃഷിയിലേക്ക് യുവതലമുറയെ ആകർഷിക്കാനും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സർക്കാരിൻ്റെ ‘റിഫോംസ് ഉത്സവ് 2026’ പദ്ധതിയുടെ ഭാഗമായി കോട്ടയത്തെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം ഐ.എൻ.ആർ കണക്റ്റിനെകുറിച്ചുളള ഒരു അവബോധ പരിപാടി സംഘടിപ്പിച്ചിരുന്നു.

റബ്ബർ കർഷകർ, ടാപ്പർമാർ, തോട്ടം നടത്തിപ്പിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവർക്ക് ഈ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *