വിദേശ നിക്ഷേപകര്‍ വില്‍പ്പന നിര്‍ത്തി വാങ്ങാന്‍ തുടങ്ങി

വിദേശ നിക്ഷേപകര്‍ വില്‍പ്പന നിര്‍ത്തി വാങ്ങാന്‍ തുടങ്ങി

Spread the News
വിദേശ നിക്ഷേപകര്‍ വില്‍പ്പന നിര്‍ത്തി വാങ്ങാന്‍ തുടങ്ങി

സെപ്‌റ്റംബറിലും ഒക്ടോബര്‍ ആദ്യപകുതിയിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ വില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും അറ്റ നിക്ഷേപകരായി മാറി. കഴിഞ്ഞ 10 വ്യാപാരദിനങ്ങള്‍ക്കിടെ ഏതാണ്ട്‌ ഏകദേശം 12,000 കോടി രൂപയുടെ നിക്ഷേപമാണ്‌ അവര്‍ നടത്തിയത്‌.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ മേഖലയിലെ ആശങ്കകളാണ്‌ വിദേശ നിക്ഷേപകരെ തിരുത്തല്‍ നേരിട്ട ഇന്ത്യന്‍ വിപണിയിലേക്ക്‌ തിരിയാന്‍ പ്രേരിപ്പിച്ചത്‌. വലിയ എഐ കമ്പനികളുടെ സാന്നിധ്യം ഇല്ലാത്തതിനാല്‍ അടുത്ത കാലത്തായി മറ്റ്‌ ഏഷ്യന്‍ വിപണികളെ അപേക്ഷിച്ച്‌ ഇന്ത്യന്‍ വിപണി അനാകര്‍ഷകമായിരുന്നു.

ഒക്ടോബര്‍ 16 മുതല്‍ 30 വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപകര്‍ ദ്വിതീയ വിപണിയില്‍ നിന്ന്‌ 1.2 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വാങ്ങി. ഒക്ടോബര്‍ 30ന്‌ മാത്രം 3600 കോടി രൂപയുടെ ഓഹരികളാണ്‌ വാങ്ങിയത്‌. ഐപിഒ വിപണിയില്‍ 600 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും അവര്‍ നടത്തി. ജിയോ പ്ലാറ്റ്‌ഫോംസിന്റെ 30,188 കോടി രൂപയുടെ ഐപിഒയിലേക്കാണ്‌ ഇതില്‍ ഭൂരിഭാഗവും എത്തിയത്‌.

ഒക്ടോബറില്‍ ഇന്ത്യന്‍ വിപണി സമ്മിശ്ര പ്രകടനമാണ്‌ കാഴ്‌ചവെച്ചത്‌. സെന്‍സെക്‌സും നിഫ്‌റ്റിയും യഥാക്രമം 1.9 ശതമാനവും 2.7 ശതമാനവും നേട്ടമുണ്ടാക്കിയപ്പോള്‍ ബിഎസ്‌ഇ മിഡ്‌ക്യാപ്‌ 150 സൂചിക 4 ശതമാനവും സ്‌മോള്‍ക്യാപ്‌ 250 സൂചിക 6.3 ശതമാനവും ഇടിഞ്ഞു.

എന്നാല്‍ നിഫ്‌റ്റി ഐടി സൂചിക 17 ശതമാനത്തിന്റെ വന്‍ കുതിച്ചുചാട്ടം നടത്തി.
അതേസമയം ആഗോള വിപണികളില്‍ കനത്ത ഇടിവാണ്‌ രേഖപ്പെടുത്തിയത്‌. യുഎസിലെ നാസ്‌ഡാക്കും ജപ്പാന്റെ നിക്കെയും 5 ശതമാനം വീതം ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ്‌സെങ്‌ 5.5 ശതമാനവും ചൈനയിലെ ഷെന്‍ഷെന്‍ സൂചിക 13.7 ശതമാനവും തായ്‌വാന്‍ 8 ശതമാനവും, ദക്ഷിണ കൊറിയയുടെ കോസ്‌പി 14 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

കനത്ത വിറ്റൊഴിയലിന്റെ നീണ്ട ഘട്ടത്തിന്‌ ശേഷമാണ്‌ വിദേശ നിക്ഷേപകരുടെ ഈ തിരിച്ചുവരവ്‌. ജനുവരി 1 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപകര്‍ 32.7 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഓഹരികളാണ്‌ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ വിറ്റൊഴിഞ്ഞത്‌.

യുഎസ്‌-ഇറാന്‍ സംഘര്‍ഷം, ക്രൂഡ്‌ ഓയില്‍ വിലവര്‍ധന, യുഎസ്‌ ബോണ്ട്‌ യീല്‍ഡിലെ കുതിപ്പ്‌, രൂപയുടെ മൂല്യത്തകര്‍ച്ച, കമ്പനികളുടെ വരുമാനത്തിലെ അനിശ്ചിതത്വം, പണപ്പെരുപ്പം എന്നിവയായിരുന്നു പ്രധാന കാരണങ്ങള്‍. 2025ലും 18.8 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഓഹരികള്‍ അവര്‍ വിറ്റഴിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *