‘ട്രില്യൻ ഡോളർ ക്ലബി’ലേക്ക് ആന്ത്രോപിക്: ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ വരുന്നു

‘ട്രില്യൻ ഡോളർ ക്ലബി’ലേക്ക് ആന്ത്രോപിക്: ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ വരുന്നു

Spread the News
‘ട്രില്യൻ ഡോളർ ക്ലബി’ലേക്ക് ആന്ത്രോപിക്: ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ വരുന്നു

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപനയ്ക്കൊരുങ്ങി എഐ വമ്പനായ ആന്ത്രോപിക്. ഇന്നലെ ഇതു സംബന്ധിച്ച രേഖകൾ കമ്പനി റഗുലേറ്ററി അതോറിറ്റിക്കു സമർപ്പിച്ചു. അടുത്ത മാസം വോൾസ്ട്രീറ്റിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് അപേക്ഷാ രേഖകൾ സൂചിപ്പിക്കുന്നത്. ഏകദേശം 10,000 കോടി ഡോളറാണ് ഡാരിയോ അമോഡയുടെ കമ്പനി സമാഹരിക്കുക. ഇലോൺ മസ്കിന്റെ സ്പേസ്എക്സ് അടുത്തിടെ ഐപിഒ നടത്തി 8600 കോടി ഡോളർ സമാഹരിച്ചിരുന്നു.

എഐ ഗവേഷണം കൈവിട്ടു പോകുമെന്ന ആശങ്കയെത്തുടർന്ന് എതിരാളിയായ ഓപ്പൺഎഐ അടുത്ത വർഷം നടത്താനിരുന്ന ഐപിഒ മാറ്റിവച്ച സാഹചര്യത്തിൽ കൂടിയാണ് ആന്ത്രോപ്പിന്റെ നീക്കമെന്നതും ശ്രദ്ധേയം. ഇതോടെ ലക്ഷം കോടി ഡോളർ വിപണി മൂല്യമുള്ള കമ്പനികളുടെ (ട്രില്യൻ ഡോളർ കമ്പനി) കൂട്ടത്തിലേക്ക് ആന്ത്രോപിക്കും എത്തും. ഐപിഒയ്ക്ക് മുൻപ് ട്രില്യൻ ഡോളർ മൂല്യം കണക്കാക്കുന്ന മൂന്നാമത്തെ കമ്പനിയാണെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ സൗദി അരാംകോ, സ്പേസ് എക്സ് എന്നീ കമ്പനികളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഓപ്പൺ എഐ ഈ കൂട്ടത്തിലെ നാലാമനാകും.

കഴിഞ്ഞ ജൂണിൽ റെക്കോർഡ് തുകയായ 86 ബില്യൻ ഡോളർ കമ്പനി സമാഹരിച്ചിരുന്നു. വിപണിമൂല്യത്തിൽ ഓപ്പൺഎഐയെക്കാൾ മുന്നിലെത്താൻ ഐപിഒ ആന്ത്രോപിക്കിനെ സഹായിച്ചേക്കും. കമ്പനി ആകെ സമാഹരിക്കുന്ന തുകയോ അന്തിമ മൂല്യമോ ഓഹരി വിലയോ ഇപ്പോൾ വ്യക്തമല്ലെങ്കിലും കുറഞ്ഞ കണക്കുകൂട്ടലുകൾ പ്രകാരം പോലും വെറും അഞ്ച് വർഷം മാത്രം പഴക്കമുള്ള ഈ സ്റ്റാർട്ടപ് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായി മാറും. ANT എന്ന ടിക്കർ സിംബലിലായിരിക്കും നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യുക. എന്നാൽ വരുമാനം വർധിക്കുന്നുണ്ടെങ്കിലും ഇതുവരെയും ലാഭത്തിലെത്താൻ കമ്പനിക്ക് കഴി‍ഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.  

Leave a Reply

Your email address will not be published. Required fields are marked *