കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 40-ലധികം കപ്പലുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡർ

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 40-ലധികം കപ്പലുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡർ

Spread the News
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 40-ലധികം കപ്പലുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡർ

അമേരിക്ക, ജര്‍മ്മനി, നോര്‍വേ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് 40-ലധികം കപ്പലുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുകള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന് ലഭിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍.

ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗുണനിലവാരമുള്ള ഉല്‍പ്പാദനവും ശേഷി വര്‍ധിപ്പിക്കാനുള്ള കഴിവുമാണ് ഇന്ത്യന്‍ കപ്പല്‍നിര്‍മാതാക്കളില്‍ ലോകം വിശ്വാസമര്‍പ്പിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കപ്പല്‍ശാലകളുമായി സഹകരിക്കാന്‍ റഷ്യന്‍ കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. സാഗര്‍മന്ഥന്‍ ദി ഓഷ്യന്‍ ഡയലോഗ് സമ്മേളനത്തിനിടെ മ്യാന്‍മര്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍, സിത്വെ തുറമുഖത്തിന്റെ വിജയം മാതൃകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിനാണ് കളമൊരുങ്ങുന്നത്. ഇതിനായി സൗദി അറേബ്യ, ബെല്‍ജിയം, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. സൗദി പോര്‍ട്ട്‌സ് അതോറിറ്റിയായ മവാനിയുമായി വധാവന്‍, ഗലാത്തിയ ബേ തുറമുഖ പദ്ധതികളിലെ പങ്കാളിത്തവും ചര്‍ച്ചയായി. ഇന്ത്യയുടെ തുറമുഖ പദ്ധതികളിലും മാരിടൈം ഫണ്ടിലും നിക്ഷേപിക്കാന്‍ സൗദി താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം ഹരിത ഷിപ്പിംഗ് രംഗത്തും ഇന്ത്യ കുതിക്കുകയാണ്. ഹരിത ഇന്ധന പരിശീലനത്തിനായി വി.ഒ.സി. തുറമുഖവും ആന്റ്വെര്‍പ് തുറമുഖവും കരാറിലേര്‍പ്പെട്ടു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്തെ തുറമുഖ ശേഷി 1,561-ല്‍ നിന്ന് 2,817 MTPA ആയി ഉയര്‍ന്നു.

കണ്ടെയ്നര്‍ കപ്പലുകളുടെ ടേണ്‍അറൗണ്ട് സമയം 35 മണിക്കൂറില്‍ നിന്ന് 23 മണിക്കൂറായി കുറഞ്ഞതും വലിയ നേട്ടമായി.

Leave a Reply

Your email address will not be published. Required fields are marked *