യുഎസിൽ നിക്ഷേപ വിപ്ലവത്തിന് എസ്സാർ ഗ്രൂപ്പ്

യുഎസിൽ നിക്ഷേപ വിപ്ലവത്തിന് എസ്സാർ ഗ്രൂപ്പ്

Spread the News
യുഎസിൽ നിക്ഷേപ വിപ്ലവത്തിന് എസ്സാർ ഗ്രൂപ്പ്

ഇന്ത്യൻ വ്യവസായ ഭീമനായ എസ്സാർ ഗ്രൂപ്പ് യുഎസിൽ വമ്പൻ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റാണിതെന്നും ട്രംപ് പറഞ്ഞു.

എസ്സാറിന്റെ യുഎസിലെ ഉപകമ്പനിയായ മേസാബി മെറ്റാലിക്സ് (Mesabi Metallics) ആണ് 18 ബില്യൻ ഡോളർ നിക്ഷേപിച്ച് (ഏകദേശം 1.73 ലക്ഷം കോടി രൂപ) സ്റ്റീൽ പ്ലാന്റ് ഒരുക്കുക.

അയോവയിൽ സ്ഥാപിക്കുന്ന പ്ലാന്റ് സംബന്ധിച്ച് വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രതിവർഷം ഒരുകോടി ടൺ സ്റ്റീൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റിൽ 6000 പേർക്ക് നിർമാണ (കൺസ്ട്രക്ഷൻ) രംഗത്തും 2000 പേർക്ക് ഉൽ‌പാദന (മാനുഫാക്ചറിങ്), ഖനന (മൈനിങ്) രംഗത്തും ജോലി ലഭിക്കും. 2030ഓടെ പ്ലാന്റ് പ്രവർത്തനസജ്ജമാകുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.

യുഎസിലെ മിനസോട ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മേസാബി മെറ്റാലിക്സ്. 100 ശതമാനവും അമേരിക്കൻ സ്റ്റീലായിരിക്കും പ്ലാന്റിൽ ഉൽപാദിപ്പിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. പ്ലാന്റ് സംബന്ധിച്ച പ്രഖ്യാപന ചടങ്ങിൽ ട്രംപിനൊപ്പം മേസാബി മെറ്റാലിക്സ് ചെയർമാൻ രേവന്ത് റൂയ, എസ്സാർ സഹസ്ഥാപകൻ രവി റൂയ തുടങ്ങിയവയും സന്നിഹിതരായിരുന്നു.

താൻ ജനിച്ചത് ഇന്ത്യയിലാണെങ്കിലും പഠിച്ചതും ജീവിതത്തിന്റെ പാതി ചെലവിട്ടതും യുഎസിൽ ആണെന്ന് രേവന്ത് റൂയ പറഞ്ഞു. അതുകൊണ്ടുതന്നെ, ഈ നിക്ഷേപപദ്ധതി തനിക്ക് ‘സ്വന്തം വീട്ടിലേക്ക് വരുന്നത് പോലെയാണ്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനുഫാക്ചറിങ് രംഗത്ത് യുഎസിൽ പുതിയ ചുവടുവയ്പുകളാണ് നടക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

”കമ്പനികൾ യുഎസിൽ പ്ലാന്റുകൾ സ്ഥാപിക്കാനും ഉൽപാദിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. തീരുവ നൽകുന്നത് ഒഴിവാക്കാൻ ഇതുവഴി അവർക്ക് കഴിയും” – ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *