ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍

ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍

Spread the News
ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍

ന്യൂഡൽഹി: ഇന്ത്യന്‍ സ്വകാര്യ മേഖലയ്ക്ക് കരുത്തായി പുതിയ കണക്കുകള്‍. ബുധനാഴ്ച പുറത്തിറങ്ങിയ എച്ച്എസ്ബിസി ഫ്‌ലാഷ് ഇന്ത്യ പിഎംഐ പ്രകാരം സെപ്റ്റംബറില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായി. ഓഗസ്റ്റില്‍ 54.3 ആയിരുന്ന കോമ്പോസിറ്റ് ഔട്ട്പുട്ട് സൂചിക 56.5 ആയി കുതിച്ചുയര്‍ന്നു. ജൂണിനു ശേഷമുള്ള ഏറ്റവും ശക്തമായ വളര്‍ച്ചയാണിത്. ഉല്‍പ്പാദന മേഖലയിലെ കുതിപ്പാണ് നേട്ടത്തിന് പിന്നില്‍.

ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. മാനുഫാക്ചറിംഗ് പിഎംഐ 52.8-ല്‍ നിന്ന് 55.7 ആയും, ഔട്ട്പുട്ട് സൂചിക 54.8-ല്‍ നിന്ന് 58.2 ആയും ഉയര്‍ന്നു. സര്‍വീസസ് പിഎംഐയും 54.1-ല്‍ നിന്ന് 55.8 ആയി മെച്ചപ്പെട്ടു. അലുമിനിയം, ഇലക്ട്രോണിക്‌സ്, ഭക്ഷണം, ഫാര്‍മ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യകത കൂടിയതാണ് നിര്‍മ്മാതാക്കള്‍ക്ക് തുണയായത്.

എന്നാല്‍ കയറ്റുമതിയില്‍ നേരിയ തിരിച്ചടിയുണ്ട്. വിദേശ ഓര്‍ഡറുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, വളര്‍ച്ചാ നിരക്ക് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷമാണ് ആശങ്കയ്ക്ക് കാരണമെന്ന് എച്ച്എസ്ബിസി ചീഫ് ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി പറഞ്ഞു. എന്നിരുന്നാലും ആഭ്യന്തര ഡിമാന്‍ഡ് ശക്തമായി തുടരുന്നു.

ആശ്വാസകരമായ മറ്റൊരു കാര്യം തൊഴില്‍ വിപണിയിലെ ഉണര്‍വാണ്. ഉല്‍പ്പാദനവും പുതിയ ഓര്‍ഡറുകളും കൂടിയതോടെ കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നു. ഒപ്പം പണപ്പെരുപ്പ സമ്മര്‍ദ്ദം ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞതും ബിസിനസ് ആത്മവിശ്വാസം നാല് മാസത്തെ ഉയരത്തിലെത്തിയതും സമ്പദ് വ്യവസ്ഥയ്ക്ക് ഇരട്ടി ശുഭസൂചനയാണ്.

Leave a Reply

Your email address will not be published. Required fields are marked *