മഴക്കുറവ് കാരണം ഈവർഷം രാജ്യത്തെ നെല്ലുത്പാദനം കുറയുമെന്ന് റിപ്പോർട്ട്

മഴക്കുറവ് കാരണം ഈവർഷം രാജ്യത്തെ നെല്ലുത്പാദനം കുറയുമെന്ന് റിപ്പോർട്ട്

Spread the News
മഴക്കുറവ് കാരണം ഈവർഷം രാജ്യത്തെ നെല്ലുത്പാദനം കുറയുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ നെല്ലുത്പാദനം ഈ വർഷം കുറയുമെന്ന് റിപ്പോർട്ട്. 20 വർഷത്തിനിടയിലെ ഏറ്റവും കുറവ് ഉത്പാദനമായിരിക്കും ഈ വർഷമെന്നാണ് സൂചന. വിളവെടുപ്പിനുമുൻപത്തെ നിർണായകഘട്ടത്തിൽ മഴ കുറഞ്ഞതാണ് തിരിച്ചടിയായത്.

ഉത്പാദനക്കുറവ് അരിവിലയും കയറ്റുമതി ചെലവും ഉയരാൻ ഇടയാക്കും. തായ്‌ലാൻഡ്, വിയറ്റ്‌നാം തുടങ്ങി പ്രധാന കയറ്റുമതി രാജ്യങ്ങളിലും അരിവില ഉയരുമെന്നാണ് റിപ്പോർട്ട്.

അതേസമയം, കഴിഞ്ഞവർഷങ്ങളിലെ റെക്കോഡ് വിളവെടുപ്പിൽ സർക്കാർ ശേഖരിച്ച വൻ അരിശേഖരം കയറ്റുമതിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഉത്പാദനത്തിൽ ഏകദേശം ഒരു കോടി ടണ്ണിന്റെ കുറവുണ്ടാകുമെന്നാണ് റൈസ് എക്സ്‌പോർട്ടേഴ്‌സ് അസോസിയേഷന്റെ കണക്ക്. കഴിഞ്ഞവർഷത്തെ 15.4 കോടി ടൺ ഉത്പാദനവുമായി താരതമ്യംചെയ്യുമ്പോൾ 6.5 ശതമാനം കുറവാണിത്.

2009-2010ലെ എൽനിനോയെത്തുടർന്നുണ്ടായ വരൾച്ചയ്ക്കുശേഷം ഏറ്റവും വലിയ കുറവായിരിക്കും ഇക്കുറിയെന്നും റിപ്പോർട്ട് പറയുന്നു. ഏതാനും ആഴ്ചകളായി തുടരുന്ന മഴക്കുറവ് ദക്ഷിണ-കിഴക്കൻ സംസ്ഥാനങ്ങളിലെ നെല്ലിന്റെ വിളവ് ഗണ്യമായി കുറച്ചെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ജൂൺ ഒന്നിന് തുടങ്ങിയ മൺസൂൺ കാലത്ത്, രാജ്യത്ത് മഴ 15 ശതമാനം കുറവായിരുന്നു. നെല്ലുത്പാദക സംസ്ഥാനങ്ങളിൽ മഴക്കുറവ് 42 ശതമാനം വരെയാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

രാജ്യത്ത് വലിയ അരിശേഖരമുള്ളതിനാൽ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മില്ലിൽ എത്താത്ത നെല്ലുൾപ്പെടെ സംസ്ഥാനങ്ങളുടെ അരിശേഖരം സെപ്റ്റംബർ ഒന്നിന് 5.96 കോടി ടണ്ണായി.

ഒക്ടോബർ ഒന്നിനകം സർക്കാർ ലക്ഷ്യമിട്ട 1.03 കോടി ടണ്ണിന്റെ അഞ്ചിരട്ടിയിൽ അധികമാണിത്.

Leave a Reply

Your email address will not be published. Required fields are marked *