ഐടിആര്‍ പുതുക്കി സമർപ്പിച്ചത് 1.25 കോടി പേര്; സർക്കാരിന് അധിക വരുമാനം ₹9,494 കോടി

ഐടിആര്‍ പുതുക്കി സമർപ്പിച്ചത് 1.25 കോടി പേര്; സർക്കാരിന് അധിക വരുമാനം ₹9,494 കോടി

Spread the News
ഐടിആര്‍ പുതുക്കി സമർപ്പിച്ചത് 1.25 കോടി പേര്; സർക്കാരിന് അധിക വരുമാനം ₹9,494 കോടി

നികുതിദായകര്‍ക്ക് നേരിട്ട് നോട്ടീസ് അയച്ച് പരിശോധനകള്‍ ശക്തമാക്കുന്നതിനുപകരം, തെറ്റുകള്‍ സ്വമേധയാ തിരുത്താന്‍ പ്രേരിപ്പിക്കുന്ന തന്ത്രം സ്വീകരിച്ചതിലൂടെ ആദായനികുതി വകുപ്പിന് വന്‍ നേട്ടം. ഈ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ ഏകദേശം 1.25 കോടി ഐ.ടി.ആര്‍ പുതുക്കി (ITR-U) സമര്‍പ്പിക്കപ്പെട്ടു. അതിലൂടെ സര്‍ക്കാരിന് 9,494 കോടി രൂപ അധിക നികുതി വരുമാനം ലഭിച്ചതായും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (CBDT) അറിയിച്ചു.

നികുതി നിയമലംഘനങ്ങള്‍ കണ്ടെത്തുമ്പോള്‍ ഉടന്‍ പരിശോധനയോ ശിക്ഷാനടപടികളോ സ്വീകരിക്കുന്നതിന് പകരം, നികുതിദായകര്‍ക്ക് ഇ-മെയില്‍, എസ്എംഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ കൈമാറി റിട്ടേണ്‍ വീണ്ടും പരിശോധിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും അവസരം നല്‍കുന്ന രീതി നഡ്ജ് കാമ്പയിന്‍ എന്നാണ് പറയുന്നത്.

CBDT ചെയര്‍മാന്‍ രവി അഗര്‍വാള്‍ പാര്‍ലമെന്ററി സമിതിയെ അറിയിച്ചതനുസരിച്ച്, ഈ സമീപനം സ്വീകരിച്ചതോടെ ലക്ഷക്കണക്കിന് നികുതിദായകര്‍ സ്വമേധയാ റിട്ടേണുകള്‍ പുതുക്കി സമര്‍പ്പിച്ചു. ഇതുവഴി സര്‍ക്കാരിന് അധിക നികുതി ലഭിച്ചതിനൊപ്പം അനാവശ്യമായ അന്വേഷണങ്ങളും തര്‍ക്കങ്ങളും കുറയ്ക്കാനും സാധിച്ചു.

വ്യാജ കിഴിവുകള്‍ കണ്ടെത്തിയതോടെ നടപടി
2025 ജൂലൈയില്‍ ആദായനികുതി വകുപ്പ് നടത്തിയ ഡാറ്റാ പരിശോധനയില്‍ നിരവധി പേര്‍ അര്‍ഹതയില്ലാത്ത നികുതിയിളവുകളും കിഴിവുകളും ആവശ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് സെക്ഷന്‍ 80G പ്രകാരമുള്ള സംഭാവനാ കിഴിവുകളുമായി ബന്ധപ്പെട്ട നിരവധി സംശയാസ്പദമായ അവകാശവാദങ്ങളാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ബന്ധപ്പെട്ട നികുതിദായകര്‍ക്ക് റിട്ടേണ്‍ വീണ്ടും പരിശോധിക്കാനും തെറ്റുകള്‍ തിരുത്താനും വകുപ്പ് നിര്‍ദേശം നല്‍കിയത്.

‘ഞങ്ങളുടെ മുന്നില്‍ രണ്ട് വഴികളുണ്ടായിരുന്നു. നേരിട്ട് സ്‌ക്രൂട്ടിനി ആരംഭിക്കാമായിരുന്നു. എന്നാല്‍ അതിന് പകരം, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നികുതിദായകരെ സമീപിച്ച് റിട്ടേണ്‍ വീണ്ടും പരിശോധിക്കാനും ആവശ്യമെങ്കില്‍ തിരുത്താനും ആവശ്യപ്പെട്ടു’ എന്നാണ് പാര്‍ലമെന്ററി സമിതിയില്‍ CBDT ചെയര്‍മാന്‍ വിശദീകരിച്ചത്.

റീഫണ്ട് ആവശ്യപ്പെടുന്നതിലും കുറവ്
തെറ്റായ റീഫണ്ട് ആവശ്യപ്പെടുന്ന പ്രവണതയും ഗണ്യമായി കുറഞ്ഞു. മുന്‍ഘട്ട ക്യാമ്പയിനുകളിലൂടെ 50 ലക്ഷത്തിലധികം റിവൈസ്ഡ് റിട്ടേണുകള്‍ സമര്‍പ്പിച്ചു. 2,000 കോടി രൂപയുടെ തെറ്റായ റിഫണ്ട് ക്ലെയിമുകള്‍ കുറഞ്ഞതായും CBDT നേരത്തേ വ്യക്തമാക്കിയിരുന്നു.

ഡാറ്റാ അനലിറ്റിക്‌സിന് കൂടുതല്‍ പ്രാധാന്യം
ആദായനികുതി വകുപ്പ് ഇപ്പോള്‍ ഡാറ്റാ അനലിറ്റിക്‌സും വിവിധ സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചാണ് റിട്ടേണുകളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തുന്നത്. തെറ്റുകള്‍ കണ്ടെത്തിയാലുടന്‍ നോട്ടീസ് അയയ്ക്കുന്നതിനുപകരം ആദ്യം സോഫ്റ്റ് അലര്‍ട്ടുകള്‍ നല്‍കുകയും, നികുതിദായകര്‍ക്ക് സ്വമേധയാ തിരുത്താനുള്ള അവസരം നല്‍കുകയും ചെയ്യുന്നതാണ് പുതിയ സമീപനം. ഇതിലൂടെ നികുതി പാലനം (tax compliance) മെച്ചപ്പെടുത്താനും ഭരണനടപടികളുടെ ഭാരം കുറയ്ക്കാനും കഴിയുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

പുതുക്കിയ ITR എന്താണ്?
ആദ്യം സമര്‍പ്പിച്ച ആദായനികുതി റിട്ടേണില്‍ വരുമാനം, കിഴിവുകള്‍, നികുതി കണക്കുകള്‍ എന്നിവയില്‍ തെറ്റുകളുണ്ടെന്ന് പിന്നീട് മനസ്സിലായാല്‍, നിയമപ്രകാരം അധിക നികുതി അടച്ച് പുതുക്കിയ റിട്ടേണ്‍ (ITR-U) സമര്‍പ്പിക്കാം.

ഇത്തരത്തില്‍ സ്വമേധയാ തിരുത്തലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദായനികുതി വകുപ്പിന്റെ നഡ്ജ് കാമ്പയിന്‍.

Leave a Reply

Your email address will not be published. Required fields are marked *