അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമം

അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമം

Spread the News
അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമം

മേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തുന്ന യുദ്ധം ഇന്ത്യയിലെ ഡയറ്റ് കോക്ക് പ്രേമികള്‍ക്ക് പണിയായിരിക്കുകയാണ്. അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടതോടെ രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നത്. മാത്രമല്ല, വിലയും കുത്തനെ ഉയര്‍ന്നു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതോടെ, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിലച്ചു.

ഇന്ത്യയിലേക്ക് അലുമിനിയം ക്യാനുകളും അവ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളും പ്രധാനമായും എത്തിച്ചിരുന്നത് ഈ നിര്‍ണായക പാത വഴിയായിരുന്നു. ഈ പ്രതിസന്ധി മറ്റ് കടല്‍ മാര്‍ഗങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയുമുണ്ട്.

ക്യാന്‍ വലുതായി, വില 10 ശതമാനത്തിലേറെ കൂടി!
വിതരണ ശൃംഖല താറുമാറായതോടെ ഇന്ത്യയില്‍ ഡയറ്റ് കോക്കിന്റെ വിലയില്‍ കൊക്കകോള 10 ശതമാനത്തിലധികം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. അലുമിനിയം ക്യാനുകള്‍ക്ക് ക്ഷാമം നേരിട്ടതോടെ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് വിലകൂടിയതും വലുതുമായ ക്യാനുകള്‍ ഇറക്കുമതി ചെയ്യാന്‍ കമ്പനി നിര്‍ബന്ധിതരായി.

ഇന്ത്യയില്‍ ഡയറ്റ് കോക്കിന്റെ ഏറ്റവും ജനപ്രിയമായ 300 മില്ലിലിറ്റര്‍ ക്യാനുകള്‍ക്ക് 40 രൂപയായിരുന്നു വില. എന്നാല്‍ ചെറിയ ക്യാനുകള്‍ കിട്ടാനില്ലാത്തതിനാല്‍, ഉയര്‍ന്ന ചിലവ് നികത്താന്‍ ഇപ്പോള്‍ 50 രൂപ വിലയുള്ള 330 മില്ലിലിറ്റര്‍ ക്യാനുകളാണ് കമ്പനി വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

ഓരോ മില്ലിലിറ്ററും കണക്കാക്കുമ്പോള്‍ ഇത് 13.6 ശതമാനം വിലവര്‍ധനവാണ്. ഈ വില മാറ്റങ്ങളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ക്ഷാമം രൂക്ഷമായതോടെ കൊക്കകോളയുടെ ഇന്ത്യയിലെ ഒരു ബോട്ടിലിംഗ് കമ്പനി പരിമിതമായ കാലത്തേക്ക് 200 മില്ലിലിറ്ററിന്റെ ചെറിയ ഗ്ലാസ് കുപ്പികളിലും ഡയറ്റ് കോക്ക് വിപണിയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ ക്യാനുകളെക്കാള്‍ വളരെ ഉയര്‍ന്ന വിലയാണ് ഈ കുപ്പികള്‍ക്ക് ഈടാക്കുന്നത്.

ഡയറ്റ് കോക്കിനെ മാത്രം ബാധിച്ചതെന്തുകൊണ്ട്?
കൊക്കകോളയ്ക്കും പെപ്‌സിക്കും വലിയ വളര്‍ച്ചയുള്ള വിപണിയാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ ഡയറ്റ് കോക്ക് കൂടുതലായും അലുമിനിയം ക്യാനുകളിലാണ് വില്‍ക്കുന്നത്. ഇതാണ് ക്ഷാമം ഡയറ്റ് കോക്കിനെ മാത്രം ഇത്രത്തോളം ബാധിക്കാന്‍ കാരണം.

എന്നാല്‍ കൊക്കകോളയുടെ തന്നെ കലോറി ഇല്ലാത്ത ‘കോക്ക് സീറോ’ ക്യാനുകള്‍ക്ക് പുറമെ പ്ലാസ്റ്റിക് കുപ്പികളിലും ലഭ്യമായതിനാല്‍ അവയുടെ വിതരണത്തിന് യാതൊരു ഭീഷണിയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *