റബര്‍ വില റെക്കോഡുകള്‍ തകര്‍ത്ത് മുകളിലേക്ക്; ഗ്രാമീണ മേഖലയില്‍ സാമ്പത്തികമേഖലയ്ക്ക് ഉണര്‍വ്

റബര്‍ വില റെക്കോഡുകള്‍ തകര്‍ത്ത് മുകളിലേക്ക്; ഗ്രാമീണ മേഖലയില്‍ സാമ്പത്തികമേഖലയ്ക്ക് ഉണര്‍വ്

Spread the News
റബര്‍ വില റെക്കോഡുകള്‍ തകര്‍ത്ത് മുകളിലേക്ക്; ഗ്രാമീണ മേഖലയില്‍ സാമ്പത്തികമേഖലയ്ക്ക് ഉണര്‍വ്

കോട്ടയം: സംസ്ഥാനത്ത് റബര്‍ വില സര്‍വകാല റെക്കോഡിലേക്ക് പറക്കുന്നു. അന്താരാഷ്ട്ര വിലയ്‌ക്കൊപ്പം ആഭ്യന്തര വിലയും കുതിച്ചതോടെ ഗ്രാമീണ മേഖലകളില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ശക്തമായി. അന്താരാഷ്ട്ര വിപണിയില്‍ ബാങ്കോക്ക് നിരക്കുകള്‍ കിലോഗ്രാമിന് 296 രൂപയും കടന്ന് കുതിക്കുമ്പോള്‍, ആഭ്യന്തര വിപണിയില്‍ ആര്‍.എസ്.എസ്-4 ഗ്രേഡ് റബര്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 280 രൂപയ്ക്ക് മുകളിലാണ്.

റബര്‍ വിലയിലുണ്ടായ ഈ അപ്രതീക്ഷിത കുതിപ്പ് കേരളത്തിലെ മലയോര-ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍ക്കും അനുബന്ധ വ്യാപാര മേഖലകള്‍ക്കും വലിയ ആശ്വാസവും ഉണര്‍വുമാണ് സമ്മാനിക്കുന്നത്.

ആഗോളതലത്തില്‍ ഉണ്ടായ ചില പ്രധാന മാറ്റങ്ങളാണ് റബര്‍ വിപണിക്ക് പെട്ടെന്ന് അനുകൂലമായി മാറിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റബര്‍ ഉത്പാദനം തീര്‍ത്തും കുറഞ്ഞു. ഡിമാന്‍ഡ് കൂടുകയും ചരക്ക് ലഭ്യത കുറയുകയും ചെയ്തത് വിലയില്‍ വലിയ കയറ്റത്തിന് കാരണമായി. ഇതിനൊപ്പം ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ വാഹന വ്യവസായ മേഖല സജീവമായതോടെ ടയര്‍ നിര്‍മാണത്തിനായി റബറിന്റെ ആവശ്യം വര്‍ധിച്ചു.

പശ്ചിമേഷ്യന്‍ പ്രതിസന്ധികളെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വ്യതിയാനം സിന്തറ്റിക് റബര്‍ നിര്‍മാണച്ചെലവ് കൂട്ടി. ഇതോടെ പ്രകൃതിദത്ത റബറിലേക്ക് വ്യവസായ ലോകം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

കേരളത്തിലും നേട്ടം
അടുത്തിടെ സംസ്ഥാന ബജറ്റില്‍ റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയായി ഉയര്‍ത്തിയത് കര്‍ഷകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. നിലവില്‍ വിപണി വില ഇതിലും മുകളിലാണെങ്കിലും, ഭാവിയില്‍ വിലയിടിഞ്ഞാല്‍ പോലും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഈ താങ്ങുവില പ്രഖ്യാപനം കര്‍ഷകര്‍ക്ക് കരുത്താകും.

മഴക്കാലമായതിനാല്‍ നിലവില്‍ കേരളത്തില്‍ ഉത്പാദനം കുറവാണ്. റെയിന്‍ ഗാര്‍ഡിംഗ് ചെയ്ത തോട്ടങ്ങളില്‍ മാത്രമാണ് ടാപ്പിംഗ് നടക്കുന്നത്. അതിനാല്‍ വിപണിയില്‍ റബറിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

വരും ആഴ്ചകളിലും രാജ്യാന്തര വിപണിയിലെ ഡിമാന്‍ഡ് തുടരുന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ വില ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക-വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *