ഡൽഹിയിൽ വായുമലിനീകരണം നിയന്ത്രിക്കാൻ 8300 കോടി രൂപയുടെ വൻ പദ്ധതി; 65% ധനസഹായം ലോകബാങ്ക് നൽകും

ഡൽഹിയിൽ വായുമലിനീകരണം നിയന്ത്രിക്കാൻ 8300 കോടി രൂപയുടെ വൻ പദ്ധതി; 65% ധനസഹായം ലോകബാങ്ക് നൽകും

Spread the News
ഡൽഹിയിൽ വായുമലിനീകരണം നിയന്ത്രിക്കാൻ 8300 കോടി രൂപയുടെ വൻ പദ്ധതി; 65% ധനസഹായം ലോകബാങ്ക് നൽകും

ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി 8300 കോടി രൂപയുടെ വൻ പദ്ധതിയുമായി ഡൽഹി സർക്കാർ. ‘ക്ലീൻ എയർ, ഹെൽത്തി ഡൽഹി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഏഴ് വർഷത്തെ പദ്ധതിയുടെ ആകെ ചിലവിന്റെ 65 ശതമാനവും ലോകബാങ്ക് ആണ് ധനസഹായമായി നൽകുന്നത്. വിവിധ സ്രോതസ്സുകളിൽ നിന്നുള്ള മലിനീകരണ തോത് ഗണ്യമായി കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ സുപ്രധാന ദൗത്യത്തിൽ പങ്കാളികളാകുന്ന വിവിധ വകുപ്പുകളെയും പ്രതിനിധികളെയും സജ്ജരാക്കുന്നതിനായി വരുന്ന ജൂലൈ 10-ന് ഒരു പ്രത്യേക കോർഡിനേഷൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.  പരിസ്ഥിതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഡൽഹി സർക്കാരിന്റെ ഈ പദ്ധതിയിൽ  ഗതാഗതം, റോഡിലെ പൊടി, നിർമാണ-പൊളിക്കൽ മാലിന്യങ്ങൾ, ഖരമാലിന്യ പരിപാലനം, വ്യവസായങ്ങൾ, ഹരിത മേഖലകൾ, ജലമലിനീകരണം എന്നിവ ഉൾപ്പെടെ മലിനീകരണത്തിന് കാരണമാകുന്ന പ്രധാന മേഖലകളെ ഉൾക്കൊള്ളും.  ഇതൊരു വെറും മലിനീകരണ നിയന്ത്രണ പരിപാടി മാത്രമല്ലെന്നും, ഡൽഹി നിവാസികൾക്ക് കൂടുതൽ ശുദ്ധമായ വായു, മെച്ചപ്പെട്ട പൊതുജനാരോഗ്യം, കൂടുതൽ സുസ്ഥിരമായ നഗരപരിസ്ഥിതി എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘകാല നിക്ഷേപമാണെന്നും ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

വായു ഗുണനിലവാര നിയന്ത്രണം ശക്തിപ്പെടുത്തുകയും പ്രധാന മലിനീകരണ ഉറവിടങ്ങളിൽ നിന്നുള്ള പുറന്തള്ളലുകൾ കുറയ്ക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ രണ്ട് പ്രധാന ഘട്ടങ്ങൾ.  ആദ്യ ഘട്ടത്തിൽ സർക്കാർ ഒരു പ്രത്യേക പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് സ്ഥാപിക്കുകയും, അത്യാധുനിക വായു ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കുകയും, ഡാറ്റാ അനലിറ്റിക്സ് ശേഷി വർധിപ്പിക്കുകയും, ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അടിസ്ഥാനമാക്കിയുള്ള ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കുകയും ചെയ്യും. സമീപ സംസ്ഥാനങ്ങളുമായുള്ള കൂടുതൽ ഏകോപനം, ശാസ്ത്രീയ ആസൂത്രണം, പൊതുജന ബോധവൽക്കരണ ക്യാമ്പെയ്‌നുകൾ, പുതിയ സാങ്കേതികവിദ്യകളുടെ സ്വീകരണം എന്നിവയും പദ്ധതി വിഭാവനം ചെയ്യുന്നു.  രണ്ടാമത്തെ ഘട്ടത്തിൽ കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്ന പഴയ വാഹനങ്ങളെ ഘട്ടംഘട്ടമായി പിൻവലിക്കുക, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക, പൊതുഗതാഗതം ശക്തിപ്പെടുത്തുക, വാഹനങ്ങളിൽ നിന്നുള്ള പുറന്തള്ളലുകൾ നിരീക്ഷിക്കുന്നതിനായി അത്യാധുനിക ‘പൊള്യൂഷൻ അണ്ടർ കൺട്രോൾ’ നിരീക്ഷണ സംവിധാനം വികസിപ്പിക്കുക എന്നിവയിലൂടെ പുറന്തള്ളലുകൾ കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *