കോഴിക്കോട്: മരുന്ന് മാറിനൽകിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട്ട് മെഡിക്കൽകോളജിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ നിന്ന് മരുന്ന് മാറിനൽകിയെന്നും തുടർന്ന് രോഗി ഗുരുതരാവസ്ഥയിലായി എന്നുമാണ് ആരോപണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. കല്ലാച്ചി വിഷ്‌ണുമംഗലം സ്വദേശി ചന്ദ്രൻ (72) ആണ് മരിച്ചത്.
നാദാപുരം ഗവൺമെന്‍റ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബം ആരോപിച്ചു. കഴിഞ്ഞ മാസം 23നാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സക്കി ആശുപത്രിയിൽ നിന്ന് ഗുളിക മാറി നൽകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ രോഗിയുടെ ആരോഗ്യനില കൂടുതൽ മോശമാവുകയായിരുന്നു.
ഇതേ തുടർന്ന് ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. വിഷയത്തിൽ മകൾ ഗാന ചന്ദ്രൻ നേരത്തെ തന്നെ നാദാപുരം സർക്കാർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പാതി നൽകിയിരുന്നു. നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

