ആലത്തൂർ: ലേണേഴ്സ് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ മോട്ടോർവാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തിയ യുവതിക്ക് പിഴയിട്ട് അധികൃതർ. പരീക്ഷയെഴുതാൻ ഭർത്താവിനോടൊപ്പം ഓഫീസിലേക്കെത്തിയ യുവതി ഇരുചക്ര വാഹനം ഓടിച്ചെത്തിയത് ഉദ്യോഗസ്ഥരുടെ മുമ്പിലേക്കാണ്. ലൈസൻസില്ലാതെ വാഹനമോടിച്ചെന്ന കുറ്റത്തിൽ യുവതിക്ക് 5,000 രൂപയും വാഹന ഉടമയായ ഭർത്താവിന് 5,000 രൂപയുമാണ് പിഴയിട്ടത്. ആലത്തൂർ സബ് ആർ.ടി.ഒ. ഓഫീസ് അധികൃതരാണ് ഇരുവർക്കുംകൂടെ 10,000 രൂപയുമാണ് പിഴ ചുമത്തിയത്.
പരീക്ഷ എഴുതാനായി പരീക്ഷാകേന്ദ്രത്തിലേക്ക് ദമ്പതികൾ വാഹനം ഓടിച്ചുവരുന്നത് മോട്ടോർവാഹനവകുപ്പ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. യുവതി പരീക്ഷക്ക് വന്നതാണെന്ന് ഉദ്യോഗസ്ഥർക്ക് അപ്പോൾ മനസ്സിലായില്ല. പിന്നീട് പരീക്ഷക്കെത്തിയപ്പോഴാണ് വാഹനമോടിച്ചുവന്ന കാര്യം ചോദിച്ച് ഉറപ്പാക്കിയതും പിഴ ചുമത്തിയതും. 1988ലെ മോട്ടോർവാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോ. ആർ.ടി.ഒ. കെ.ആർ. രാജു വ്യക്തമാക്കി.
ലേർണിങ് ലൈസൻസ് ലഭിച്ചാലും ഇരുചക്ര വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട ചില മാനദണ്ഡങ്ങൾ താഴെ സൂചിപ്പിക്കുന്നു.
- ‘L’ ബോർഡ് നിർബന്ധം: വാഹനത്തിന്റെ മുന്നിലും പിന്നിലും ചുവപ്പ് നിറത്തിൽ ‘L’ എന്ന് വ്യക്തമായി എഴുതിയിരിക്കണം.
- ഒപ്പമുള്ള ആൾക്ക് ലൈസൻസ് വേണം: ഡ്രൈവിങ് ലൈസൻസുള്ള ഒരു മുതിർന്ന വ്യക്തി നിങ്ങളുടെ തൊട്ടുപിന്നിൽ (Pillion rider) ഇരിക്കണം.
- പരിശീലിപ്പിക്കാൻ യോഗ്യത: ഒപ്പമിരിക്കുന്നയാൾക്ക് നിങ്ങളെ വാഹനം ഓടിക്കാൻ പഠിപ്പിക്കാനും നിയന്ത്രിക്കാനും ഉള്ള യോഗ്യത ഉണ്ടായിരിക്കണം.
- മറ്റ് യാത്രക്കാർ പാടില്ല: ലൈസൻസുള്ള പരിശീലകനല്ലാതെ മൂന്നാമത് ഒരു വ്യക്തിയെയും വാഹനത്തിൽ ഇരുത്താൻ പാടില്ല.
- ഹെൽമറ്റ് നിർബന്ധം: ഇരുചക്ര വാഹനം ഓടിക്കുന്ന ആളും പുറകിലിരിക്കുന്ന ആളും നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം.
- രേഖകൾ കൈയ്യിൽ കരുതുക: ലേർണിങ് ലൈസൻസിന്റെ പ്രിന്റൗട്ട് അല്ലെങ്കിൽ ഡിജിറ്റൽ കോപ്പി എപ്പോഴും കൂടെ കരുതുക.
- കാലാവധി: ലേർണിങ് ലൈസൻസിന് ആറ് മാസത്തെ കാലാവധി മാത്രമേ ഉണ്ടായിരിക്കൂ.
- മെയിൻ ടെസ്റ്റിനുള്ള സമയം: ലേർണിങ് എടുത്ത് 30 ദിവസം കഴിഞ്ഞാൽ നിങ്ങൾക്ക് സ്ഥിരമായ ലൈസൻസിനായി അപേക്ഷിക്കാം.

