കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തി. താൻ അൻസിബയെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും, വ്യക്തിപരമായ ശത്രുതയുടെ പേരിൽ കെട്ടിച്ചമച്ചതാണ് ഈ പരാതിയെന്നുമാണ് ടിനി ടോം മൊഴി നൽകിയിരിക്കുന്നത്.
അൻസിബയുടെ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം തറപ്പിച്ചു പറയുന്നു. ഒരു സ്റ്റേജ് ഷോയിൽ വെച്ച് നീനാ കുറുപ്പുമായി ഉണ്ടായ തർക്കമാണ് ഈ പരാതിയിലേക്ക് നയിച്ചതെന്നും, അതിനുശേഷമാണ് അൻസിബ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വിഷയത്തിലെ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. നേരത്തെ, ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ടിനി ടോം വർഗീയപരമായ പരാമർശങ്ങൾ നടത്തിയതിനെക്കുറിച്ചോ, അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞതായോ താൻ അറിഞ്ഞിട്ടില്ലെന്നായിരുന്നു ശ്വേതയുടെ പ്രതികരണം. ഇതിനു മുൻപ് നീനാ കുറുപ്പിന്റെ മൊഴിയും അന്വേഷണ സംഘം എടുത്തിരുന്നു.
ഈ മാസം ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അൻസിബ ഔദ്യോഗികമായി പരാതി നൽകിയത്. തന്നെ വർഗീയമായി അധിക്ഷേപിക്കുകയും, തന്റെ കുടുംബത്തെ നിരന്തരം വേട്ടയാടുകയും ചെയ്യുന്നുവെന്നാണ് പരാതിയിലെ ഉള്ളടക്കം. ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണെന്നും അൻസിബ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

