ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വെള്ളക്കരത്തിൽ പകുതി ഇളവ്

ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വെള്ളക്കരത്തിൽ പകുതി ഇളവ്

Spread the News

പാലക്കാട്: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്കും പൂർണ സൗജന്യ സേവനം നൽകുന്ന അനാഥാലയങ്ങൾക്കും വൃദ്ധമന്ദിരങ്ങൾക്കും പുതുക്കിയ വെള്ളക്കരത്തിൽ 50 ശതമാനം ഇളവ്.

ഇതുസംബന്ധിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. നേരത്തെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ലിറ്ററിന് ഒരു പൈസ വർധിപ്പിച്ച് ഉത്തരവായിരുന്നു.

നിലവിൽ 15 കിലോ ലിറ്റർ വരെ പ്രതിമാസ ഉപഭോഗമുള്ള ബി.പി.എൽ ഉപഭോക്താക്കൾക്ക് കുടിവെള്ളം സൗജന്യമായും ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത അനാഥാലയങ്ങൾക്കും വൃദ്ധമന്ദിരങ്ങൾക്കും ഗാർഹിക നിരക്കിലുമാണ് കുടിവെള്ളം നൽകിവരുന്നത്. ഇതിലാണ് ഇളവ് അനുവദിച്ചത്.

വാർഷിക വരുമാനം രണ്ട് ലക്ഷം രൂപക്ക് താഴെയും ജല ഉപഭോഗം പ്രതിമാസം 15 കിലോ ലിറ്ററിന് താഴെയുമുള്ള 40 ശതമാനമോ അതിലധികമോ ഓട്ടിസം/അംഗവൈകല്യം ബാധിച്ച അംഗങ്ങളുള്ള കുടുംബത്തിനും ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും സേവനം പൂർണമായി സൗജന്യം നൽകുന്നതുമായ അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ എന്നിവക്ക് 60 കിലോ ലിറ്റർ വരെയുള്ള പ്രതിമാസ ഉപഭോഗത്തിനാണ് വർധിപ്പിച്ച ചാർജിൽ 50 ശതമാനം വരെ ഇളവ് അനുവദിച്ചത്.

വ്യവസ്ഥകൾ

വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയായിരിക്കണം

വെള്ളത്തിന്‍റെ ഉപഭോഗം പ്രതിമാസം 15 കിലോ ലിറ്ററോ അതിൽ താഴെയോ ആയിരിക്കണം

ആനുകൂല്യം ലഭിക്കുന്നതിന് ഉപഭോക്താവ് പ്രത്യേക അപേക്ഷ നൽകണം

ഉപഭോക്താവിന് ഒരു സമയം ഒരു ഇളവ് മാത്രമേ അനുവദിക്കൂ

ഉപഭോക്താവ് നിശ്ചിത രേഖകൾ സമർപ്പിച്ച് ഈ ആനുകൂല്യം എല്ലാ വർഷവും മാർച്ച് 31ന് മുമ്പ് പുതുക്കണം

പുതുക്കിയില്ലെങ്കിൽ ആനുകൂല്യം നിർത്തലാക്കുന്നതും വീണ്ടും അപേക്ഷിക്കുന്ന മുറക്ക് മുൻകാല പ്രാബല്യമില്ലാതെ പുനഃസ്ഥാപിക്കുകയും ചെയ്യും

വാട്ടർ അതോറിറ്റിയുടെ ബില്ലിങ് സോഫ്റ്റ് വെയറിൽ ഈ ഇളവ് നടപ്പാക്കുന്ന മുറക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *