ബിരിയാണി കടകൾ ബില്ലിങ്ങിൽ കൃത്രിമം കാട്ടി വെട്ടിച്ചത് 70,000 കോടി, എഐ പിടിച്ചു

ബിരിയാണി കടകൾ ബില്ലിങ്ങിൽ കൃത്രിമം കാട്ടി വെട്ടിച്ചത് 70,000 കോടി, എഐ പിടിച്ചു

Spread the News

ഹൈദരാബാദ്: നിർമിത ബുദ്ധി, അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എഐ) ഇന്ന് പലമേഖലകളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ കോടികളുടെ നികുതി വെട്ടിപ്പ് എഐ കണ്ടെത്തിയതിന്റെ വാർത്തകളാണ് ഹൈദരാബാദിൽ നിന്ന് പുറത്തുവരുന്നത്. ഹൈദരാബാദിലെ പ്രമുഖ ബിരിയാണി റെസ്റ്റോറന്റ് ശൃംഖലകളിൽ നിന്ന് ഇത്തരത്തിൽ 70,000 കോടിരൂപയുടെ നികുതി വെട്ടിപ്പാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. എഐ, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്

രാജ്യത്തെ ഒരു ലക്ഷത്തിലധികം റെസ്റ്റോറന്റുകൾ ഉപയോഗിക്കുന്ന ബില്ലിംഗ് സോഫ്റ്റ്വെയറിലെ 60 ടെറാബൈറ്റ് ട്രാൻസാക്ഷൻ ഡാറ്റകളാണ് ഇതിനായി ഉദ്യോഗസ്ഥർ വിശദമായി വിശകലനം ചെയ്തത്. ഏകദേശം 1.77 ലക്ഷം റെസ്റ്റോറന്റ് ഐഡികളിൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി പരിശോധിച്ചത്

2019-20 സാമ്പത്തിക വർഷം മുതൽ റെസ്റ്റോറന്റുകൾ തങ്ങളുടെ യഥാർത്ഥ വരുമാനം മറച്ചുവെച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ഏകദേശം 70,000 കോടി രൂപയുടെ വിറ്റുവരവ് ഇവർ മറച്ചുവെച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകൾ സിസ്റ്റത്തിൽ നിന്ന് ഡിലീറ്റ് ചെയ്താണ് ഇവർ നികുതി വെട്ടിച്ചത്. ഇതിൽ പ്രധാനമായും പണമായി സ്വീകരിക്കുന്ന തുകയുടെ ഇൻവോയ്‌സുകളാണ് ഡിലീറ്റ് ചെയ്തത്. മൊത്തം വിൽപനയുടെ 27% ഇത്തരത്തിൽ മറച്ചുവെക്കപ്പെട്ടതായാണ് കണക്കാക്കുന്നത്.

തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കർണാടക: 2,000 കോടി രൂപ, തെലങ്കാന: 1,500 കോടി രൂപ, തമിഴ്നാട്: 1,200 കോടി രൂപ എന്നിങ്ങനെയാണ് നികുതി വെട്ടിച്ചത്. ഹൈദരാബാദിലെ ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ബില്ലിംഗ് സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്തി സെയിൽസ് കുറച്ചു കാണിക്കുന്ന രീതിയാണ് റെസ്റ്റോറന്റുകൾ പിന്തുടർന്നത്. നിലവിൽ പരിശോധിച്ച സോഫ്റ്റ്വെയർ ആകെ വിപണിയുടെ 10% മാത്രമേ വരുന്നുള്ളൂ. അതിനാൽ തന്നെ, സമാനമായ മറ്റ് ബില്ലിംഗ് പ്ലാറ്റ്ഫോമുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ തീരുമാനം. വെട്ടിച്ച നികുതിയുടെ കൃത്യമായ തുകയും പിഴയും ഉദ്യോഗസ്ഥർ കണക്കാക്കി വരുന്നതേയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *