ഒല ഇലക്ട്രിക്കിന് മൂന്നാം പാദത്തിൽ 487 കോടിയുടെ നഷ്ടം

ഒല ഇലക്ട്രിക്കിന് മൂന്നാം പാദത്തിൽ 487 കോടിയുടെ നഷ്ടം

Spread the News
ഒല ഇലക്ട്രിക്കിന് മൂന്നാം പാദത്തിൽ 487 കോടിയുടെ നഷ്ടം

ക്ടോബര്‍-ഡിസംബര്‍ 2025 കാലയളവില്‍ ഒല ഇലക്ട്രിക്ക് നേരിട്ടത് 487 കോടി രൂപയുടെ നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ കാലയളവിലെ വരുമാന നഷ്ടം 57 ശതമാനമാണെന്നതും ഒല ഇലക്ട്രിക്കിന് ആശങ്കയാവുകയാണ്. ബെംഗളുരു ആസ്ഥാനമായുള്ള ഒലയുടെ അറ്റ നഷ്ടം(Net loss) മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 564 കോടിയില്‍ നിന്നും കുറഞ്ഞുവെന്നത് ആശ്വാസകരമാണ്. എങ്കിലും തൊട്ടു മുന്‍പത്തെ പാദത്തെ 418 കോടിയെ അപേക്ഷിച്ച് നഷ്ടം വര്‍ധിച്ചിരിക്കുകയാണ്.

ഒല ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഡെലിവറി 61% കുറഞ്ഞ് 32,680 യൂണിറ്റുകളിലേക്ക് സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ മാറുകയും ചെയ്തു. ഇതോടെ താഴേക്കു പോയ വരുമാനവും താഴേക്ക് പോയി.

അതേസമയം വാഹനങ്ങളേക്കാള്‍ ബാറ്ററികള്‍ക്കും എനര്‍ജി സ്‌റ്റോറേജ് സംവിധാനങ്ങള്‍ക്കും ഒല ഇലക്ട്രിക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത് 4680 ഭാരത് സെല്ലുകളുടെ വില്‍പന ഇരട്ടിയായി വര്‍ധിച്ച് 72,418 യൂണിറ്റുകളിലേക്കെത്തി. ഇതോടെ ഒലയുടെ പ്രവര്‍ത്തനത്തില്‍ തന്ത്രപരമായ മാറ്റത്തിനുള്ള സാധ്യത കൂടിയാണ് തെളിയിരുന്നത്.

ഇക്കാര്യം കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഭവീഷ് അഗര്‍വാള്‍ തന്നെ വ്യക്തമാക്കിയിടുണ്ട്. 2026 സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദം ഒല ഇലക്ട്രിക്കിന്റെ ഘടനയില്‍ തന്നെ സംഭവിക്കുന്ന മാറ്റത്തിന്റെ സൂചനയായാണ് ഭവീഷ് അഗര്‍വാള്‍ വിശേഷിപ്പിച്ചത്.

‘ബാറ്ററികള്‍ മുതല്‍ എനര്‍ജി സ്റ്റോറേജ് സംവിധാനങ്ങള്‍ വരെയുള്ള കൂടുതല്‍ വരുമാനം ലഭിക്കുന്ന മേഖലകളിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം മാറുകയാണ്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ മേഖലയില്‍ നിന്നും 15,000-20,000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്’ എന്നായിരുന്നു ഭവീഷ് കൂട്ടിച്ചേര്‍ത്തത്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4680 ഭാരത് സെല്‍ ബാറ്ററിയാണ് ഒല ഇലക്ട്രിക്ക് ഇപ്പോള്‍ സ്‌കൂട്ടറുകളില്‍ ഉപയോഗിക്കുന്നത്. ഇത് ഉൽപാദന ചിലവ് കുറക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഒല ശക്തി പുറത്തിറക്കിക്കൊണ്ടാണ് കമ്പനി ബാറ്ററി എനര്‍ജി സ്റ്റോറേജ് വിഭാഗത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

വീടുകളിലും വ്യാവസായിക സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന എടുത്തു കൊണ്ടുപോകാവുന്ന ബാറ്ററികളാണ് ഒല നിര്‍മിക്കുന്നത്. ഊര്‍ജ്ജം, ആരോഗ്യം, പ്രതിരോധം, റോബോട്ടിക്‌സ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ഒലയുടെ ബാറ്ററികളും സെല്ലുകളും ഉപയോഗിക്കുന്നുണ്ട്.

ഒലയുടെ വാഹനങ്ങളിലും ആഭ്യന്തരമായും വിദേശത്തും ഊര്‍ജ്ജ സംഭരണ മേഖലയിലും ഉപയോഗിക്കുകയെന്ന ലക്ഷ്യത്തിലാണ് ഗിഗാ ഫാക്ടറയില്‍ ഒല സെല്ലുകള്‍ നിര്‍മിച്ചത്. നേരത്തെ പ്രഖ്യാപിച്ച 3,25,000-3,75,000 സെല്ലുകള്‍ വില്‍ക്കുകയെന്ന ലക്ഷ്യത്തെ പിന്നീട് 2,20,000 യൂണിറ്റായി ഒല കുറച്ചിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസങ്ങളില്‍ 1,53,538 യൂണിറ്റുകളാണ് ഒലക്ക് വില്‍ക്കാനായത്. അതുകൊണ്ടുതന്നെ പുതുക്കിയ ലക്ഷ്യം കൈവരിക്കുന്നത് പോലും ഒലക്ക് വെല്ലുവിളിയാണ്.

സര്‍വീസ് സംബന്ധമായ വെല്ലുവിളികളും വൈദ്യുത വാഹന വിപണിയിലുണ്ടായ തളര്‍ച്ചയുമാണ് ഒലയുടെ വില്‍പന കുറച്ചതെന്ന് ഭവിഷ് അഗര്‍വാള്‍ സമ്മതിക്കുന്നുണ്ട്. സര്‍വീസ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഒലയുടെ ബ്രാന്‍ഡ് വിശ്വാസ്യത കുറച്ചു. സര്‍വീസ് സുഗമമാക്കിയും ആകര്‍ഷകമായ വിലയില്‍ മോഡലുകള്‍ അവതരിപ്പിച്ചും വില്‍പന തിരിച്ചുപിടിക്കാനാണ് ഒലയുടെ ശ്രമമെന്നാണ് ഭവിഷ് പറയുന്നത്. ഇനിയുമേറെ മുന്നോട്ടു പോവാനുണ്ടെന്നും ഭവിഷ് അഗര്‍വാള്‍ പറയുന്നു.

ചിലവു ചുരുക്കല്‍ നടപടികള്‍ ഫലം കാണുന്നുവെന്നാണ് ഒല വിലയിരുത്തുന്നത്. കമ്പനിയുടെ ആകെ ചിലവുകള്‍ പകുതിയായി 741 കോടിയിലെത്തി. പ്രവര്‍ത്തന ചിലവ് 34% കുറഞ്ഞ് 432 കോടിയായതും ഗുണമായി കണക്കാക്കപ്പെടുന്നു. കമ്പനിയുടെ ആകെ പ്രവര്‍ത്തന ചിലവിന്റെ 85-90 ശതമാനവും സ്ഥിരമായതാണ്.

10-15 ശതമാനം മാത്രമാണ് മാറുന്നത്. ഓരോ പാദത്തിലും പ്രവര്‍ത്തന ചിലവ് 300 കോടിക്ക് താഴെയാക്കുകയും പ്രതിമാസം 15,000 യൂണിറ്റ് വില്‍ക്കാനാവുകയും ചെയ്താല്‍ കമ്പനിക്ക് നഷ്ടം നികത്താനാവുമെന്നാണ് ഭവിഷ് അഗര്‍വാളിന്റെ കണക്കുകൂട്ടല്‍.

2025 ഡിസംബറില്‍ 9,020 യൂണിറ്റ് വിറ്റ ഒല 2026 ജനുവരിയിലേക്കെത്തിയപ്പോള്‍ ഏകദേശം 7,500 യൂണിറ്റിലേക്ക് കൂപ്പു കുത്തുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഭവിഷിന്റെ കണക്കുകൂട്ടല്‍ യാഥാര്‍ഥ്യമാക്കുക ഒല ഇലക്ട്രിക്കിനെ സംബന്ധിച്ച് എളുപ്പമാവില്ല. വാഹനങ്ങളുടെ വില്‍പനയിലെ കുറവ് ബാറ്ററിയില്‍ നികത്തിക്കൊണ്ട് മുന്നേറാനുള്ള ശ്രമമാണ് ഒല നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *