കെ.എസ്.ആർ.ടി.സിയിൽ ലഗേജ് നിരക്ക് വർധിപ്പിച്ചു; പുതുക്കിയ നിരക്കുകൾ അറിയാം...
ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) ബസുകളിലെ ലഗേജ് നിരക്കുകൾ വർധിപ്പിച്ചു. ഫെബ്രുവരി 16 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഡീസൽ വില വർധനവും ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള മറ്റ് ചെലവുകൾ ഉയർന്നതുമാണ് നിരക്ക് വർധിപ്പിക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ഏകദേശം 15 ശതമാനം വരെയാണ് ലഗേജ് നിരക്കിൽ വർധനവ് വരുത്തിയിരിക്കുന്നത്. 2021 ഡിസംബറിലായിരുന്നു ഇതിനുമുമ്പ് ലഗേജ് നിരക്ക് പരിഷ്കരിച്ചത്. സാധാരണയായി യാത്രാക്കൂലി വർധിപ്പിക്കുമ്പോഴാണ് ലഗേജ് നിരക്കും കൂട്ടാറുള്ളതെങ്കിലും, 2025 ജനുവരിയിൽ ബസ് ചാർജ് വർധിപ്പിച്ചപ്പോൾ ലഗേജ് നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ഇതിനാലാണ് ഇപ്പോൾ നിരക്ക് ഉയർത്താൻ തീരുമാനിച്ചതെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ അക്രം പാഷ അറിയിച്ചു.
ലഗേജ് നിരക്കുകൾ ഇങ്ങനെ (സ്റ്റേജ് അടിസ്ഥാനത്തിൽ)
യാത്രക്കാർ കൊണ്ടുപോകുന്ന ലഗേജുകൾക്ക് ഓരോ അഞ്ച് സ്റ്റേജുകൾ കൂടുമ്പോഴും നിരക്കിൽ മാറ്റമുണ്ടാകും. പ്രധാന നിരക്കുകൾ താഴെ നൽകുന്നു
- 1-5 സ്റ്റേജുകൾ: 6 രൂപ
- 6-10 സ്റ്റേജുകൾ: 12 രൂപ
- 11-15 സ്റ്റേജുകൾ: 20 രൂപ
- 16-20 സ്റ്റേജുകൾ: 25 രൂപ
- 156-160 സ്റ്റേജുകൾ: 145 രൂപ (പരമാവധി നിരക്ക്)
ഒരാൾക്ക് 30 കിലോഗ്രാം വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ഇതിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ മാത്രമേ അധിക നിരക്ക് നൽകേണ്ടതുള്ളൂ. സാധാരണ ബാഗുകൾക്ക് പുറമെ വാഷിങ് മെഷീനുകൾ പോലെയുള്ള ഗൃഹോപകരണങ്ങളും വളർത്തുമൃഗങ്ങളെയും നിശ്ചിത നിരക്ക് നൽകി ബസിൽ കൊണ്ടുപോകാൻ അനുവദിക്കും. എന്നാൽ ബസിനുള്ളിൽ ഇതിന് ആവശ്യമായ സൗകര്യം ഉണ്ടായിരിക്കണം.
എല്ലാ ഡിപ്പോകൾക്കും ബുക്കിങ് കൗണ്ടറുകൾക്കും പുതുക്കിയ നിരക്ക് കർശനമായി പാലിക്കാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. പാഴ്സൽ അയക്കുന്നവരും സ്ഥിരം യാത്രക്കാരും പുതുക്കിയ നിരക്ക് പട്ടിക പരിശോധിക്കണമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.




