കാലിത്തീറ്റയ്ക്ക് 200 രൂപ സബ്സിഡി പ്രഖ്യാപിച്ച് മില്‍മ

കാലിത്തീറ്റയ്ക്ക് 200 രൂപ സബ്സിഡി പ്രഖ്യാപിച്ച് മില്‍മ

Spread the News
കാലിത്തീറ്റയ്ക്ക് 200 രൂപ സബ്സിഡി പ്രഖ്യാപിച്ച് മില്‍മ

തിരുവനന്തപുരം: ക്ഷീരസംഘങ്ങള്‍ വഴി വില്ക്കുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 200 രൂപ സബ്സിഡി നല്‍കാന്‍ കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ ഭരണസമിതി തീരുമാനം.

2026 ഫെബ്രുവരി 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ വില്പന നടത്തുന്ന കാലിത്തീറ്റയാക്കാണ് സബ്സിഡി അനുവദിച്ചിട്ടുള്ളത്. വര്‍ദ്ധിച്ചു വരുന്ന ഉത്പാദനചെലവ് കാരണം പ്രതിസന്ധി അനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാണ് പുതിയ തീരുമാനം.

2024 സെപ്റ്റംബര്‍ മുതല്‍ മില്‍മ ഫെഡറേഷനും ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 100 സബ്സിഡി രൂപ നല്‍കി വരുന്നുണ്ട്. മില്‍മയുടെ മലബാര്‍, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ നല്‍കി വന്ന സബ്സിഡികള്‍ക്കു പുറമേയാണിത്. ഫെഡറേഷന്‍ നല്‍കി വന്നിരുന്ന ഈ 100 രൂപ സബ്സിഡിയാണ് 200 രൂപ ആക്കി ഉയര്‍ത്തുന്നത്.

മേഖലാ യൂണിയനുകള്‍ നല്‍കുന്ന 100 രൂപ സബ്സിഡികള്‍ക്കൊപ്പം ഫെഡറേഷന്‍ നല്‍കുന്ന 200 രൂപ സബ്സിഡി കൂടി ചേരുമ്പോള്‍ ആകെ 300 രൂപയുടെ സബ്സിഡി ആനുകൂല്യം ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകും.

ഇതിലൂടെ 2019 ലെ കാലിത്തീറ്റയുടെ വിലയെക്കാളും 120 രൂപ കുറവില്‍ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ ലഭ്യമാകും. സൈലേജ്, മെയ്സ് ഫോഡര്‍ എന്നിവയും 2019 ലെ നിരക്കിനെക്കാള്‍ ശരാശരി 2 രൂപയോളം കുറഞ്ഞ നിരക്കിലാണ് ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ മേഖലാ യൂണിയനുകള്‍ ലഭ്യമാക്കുന്നത്.

ക്ഷീരകര്‍ഷകരുടെ വര്‍ദ്ധിച്ചുവരുന്ന ഉത്പാദനച്ചെലവ് കുറയ്ക്കുന്നതിനായി 2024 സെപ്റ്റംബര്‍ മുതല്‍ കാലിത്തീറ്റയ്ക്ക് തുടര്‍ച്ചയായി സബ്സിഡിയും, അധിക പാല്‍വിലയും കൊടുക്കുന്ന രീതിയാണ് മില്‍മ അവലംബിക്കുന്നത്.

2026 ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മില്‍മയുടെ മേഖലായൂണിയനുകള്‍ വഴിയുള്ള പാല്‍ സംഭരണത്തില്‍ 13 ശതമാനത്തിന്‍റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *