, ,

ജിഡിപി കണക്കാക്കുന്നതിൽ അടുത്തമാസം മുതൽ വലിയ മാറ്റത്തിന് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തിന്റെ കുതിപ്പും കിതപ്പും വ്യക്തമാക്കുന്നതാണ് ‘ജിഡിപി’ എന്നു ചുരുക്കപ്പേരിൽ വിളിക്കുന്ന ‘മൊത്ത ആഭ്യന്തര ഉൽപാദനം’. നിശ്ചിത കാലയളവിലെ ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി. കൂടുതൽ സാമ്പത്തികപ്രവർത്തനമുണ്ടാകുമ്പോൾ ജനങ്ങൾക്ക് കൂടുതൽ വരുമാനം ലഭിക്കുന്നു, അതുവഴി രാജ്യത്തിന്റെ സാമ്പത്തികനിലയും മെച്ചപ്പെടുന്നു. ഫെബ്രുവരി 28 മുതൽ രാജ്യത്തിന്റെ ജിഡിപി കണക്കാക്കുന്നതിൽ മാറ്റം വരികയാണ്. അതിനു മുന്നോടിയായി രാജ്യത്തിന്റെ ജിഡിപി കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം. രണ്ടു രീതിയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. രണ്ടു തരത്തിൽ കണക്കാക്കിയാലും ഫലം…

ജിഡിപി കണക്കാക്കുന്നതിൽ അടുത്തമാസം മുതൽ വലിയ മാറ്റത്തിന് ഇന്ത്യ
ജിഡിപി കണക്കാക്കുന്നതിൽ അടുത്തമാസം മുതൽ വലിയ മാറ്റത്തിന് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തിന്റെ കുതിപ്പും കിതപ്പും വ്യക്തമാക്കുന്നതാണ് ‘ജിഡിപി’ എന്നു ചുരുക്കപ്പേരിൽ വിളിക്കുന്ന ‘മൊത്ത ആഭ്യന്തര ഉൽപാദനം’. നിശ്ചിത കാലയളവിലെ ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി.

കൂടുതൽ സാമ്പത്തികപ്രവർത്തനമുണ്ടാകുമ്പോൾ ജനങ്ങൾക്ക് കൂടുതൽ വരുമാനം ലഭിക്കുന്നു, അതുവഴി രാജ്യത്തിന്റെ സാമ്പത്തികനിലയും മെച്ചപ്പെടുന്നു. ഫെബ്രുവരി 28 മുതൽ രാജ്യത്തിന്റെ ജിഡിപി കണക്കാക്കുന്നതിൽ മാറ്റം വരികയാണ്. അതിനു മുന്നോടിയായി രാജ്യത്തിന്റെ ജിഡിപി കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം. രണ്ടു രീതിയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. രണ്ടു തരത്തിൽ കണക്കാക്കിയാലും ഫലം ഏകദേശം ഒന്നായിരിക്കും.

ഔട്ട്പുട്ട് രീതി
രാജ്യത്തെ ഒരു തുണിക്കടയായി സങ്കൽപ്പിച്ചാൽ അവിടെ നിന്ന് വിറ്റുപോകുന്ന എല്ലാത്തരം തുണിത്തരങ്ങളുടെയും ആകെ വിലയാണ് ജിഡിപി. 1,000 രൂപ വീതമുള്ള 10 തരം ഉടുപ്പുകൾ വിറ്റാൽ 10,000 രൂപയാണ് ജിഡിപി. പക്ഷേ, ഈ തുണികൾ നിർമിക്കാൻ ഉപയോഗിച്ച് പരുത്തിയും പോളിസ്റ്ററും മറ്റും ജിഡിപിയിൽ കൂട്ടില്ല.

കാരണം അതുപയോഗിച്ചുണ്ടാക്കിയ തുണിയിൽ ഇവയുടെ മൂല്യം ഉൾപ്പെട്ടിട്ടുണ്ട്. ഇനി തുണിക്കുപകരം പരുത്തിയാണ് വിൽക്കുന്നതെങ്കിൽ അതിനെ ജിഡിപിയിൽ കണക്കാക്കും. കൃഷി, മത്സ്യബന്ധനം, മൈനിങ്/ക്വാറിയിങ്, ഉൽപാദനം, വൈദ്യുതി, ഗ്യാസ്, ജലവിതരണം, നിർമാണമേഖല, വ്യാപാരം, ഹോട്ടൽ/റസ്റ്ററന്റ്, ഗതാഗതം, സ്റ്റോറേജ്, കമ്യുണിക്കേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്, റിയൽ എസ്റ്റേറ്റ്, ധനകാര്യസേവനങ്ങൾ തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങളും സേവനങ്ങളുമാണ് ജിഡിപി കണക്കാക്കാൻ പരിഗണിക്കുന്നത്.

എക്സ്പെൻഡിച്ചർ രീതി
ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമായി രാജ്യം ചെലവഴിക്കുന്ന മൊത്തം തുക കണക്കാക്കും. ഉപയോക്താക്കളും സർക്കാരും ചെലവഴിക്കുന്ന തുകയും കമ്പനികൾ നടത്തുന്ന നിക്ഷേപവും കൂട്ടുകയാണ് ആദ്യപടി. ഇതിൽ നിന്ന് രാജ്യത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം കുറയ്ക്കുമ്പോൾ കിട്ടുന്നതാണ് ജിഡിപി. ഫലത്തിൽ ഇറക്കുമതിയേക്കാൾ കൂടുതലാണ് കയറ്റുമതിയെങ്കിൽ ജിഡിപി ഉയരും.

ജിഡിപി കൂടിയോ?
ആദ്യവർഷം 10 രൂപ വിലയിൽ 100 ഉൽപന്നങ്ങൾ നിർമിച്ചുവെന്ന് സങ്കൽപ്പിക്കുക (ജിഡിപി 1,000 രൂപ). രണ്ടാം വർഷം 15 രൂപ വിലയിൽ 100 ഉൽപന്നങ്ങളാണെങ്കിൽ ജിഡിപി 1,500 രൂപയായിരിക്കും. ജിഡിപിയിൽ 500 രൂപയുടെ വളർച്ചയുണ്ടായെന്നു തോന്നാമെങ്കിലും യഥാർഥത്തിൽ ഇത് വിലക്കയറ്റം മൂലമാണ്. ഈ 500 രൂപ ഒഴിവാക്കിയാൽ ഉൽപാദനം അൽപം പോലും കൂടിയിട്ടില്ലെന്നു വ്യക്തമാകും.

വിലക്കയറ്റം ഉൾപ്പെടുത്തി കണക്കാക്കുന്ന ജിഡിപിയെയാണ് ‘നോമിനൽ ജിഡിപി’യെന്നു വിളിക്കുന്നത്. വിലക്കയറ്റം ഒഴിവാക്കിയുള്ളതിനെ ‘റിയൽ ജിഡിപി’ എന്നും. ഒരു നിശ്ചിത വർഷത്തെ (ബേസ് ഇയർ) വില മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് തുടർന്നുള്ള വർഷങ്ങളിലെ ജിഡിപി കണക്കാക്കുന്നതിനെയാണ് ‘റിയൽ ജിഡിപി’ എന്നു വിളിക്കുന്നത്.

വിലക്കയറ്റം കണക്കിൽ ചേരാതിരിക്കാനാണിത്. ജിഡിപി യഥാർഥത്തിൽ വളർന്നോയെന്നറിയാൻ ‘റിയൽ ജിഡിപി’ നോക്കണമെന്നു ചുരുക്കം. എന്നാൽ ബജറ്റ് തയാറാക്കുന്നതും മറ്റും നിലവിലെ വില അടിസ്ഥാനമാക്കിയായതിനാൽ ‘നോമിനൽ ജിഡിപി’ കണക്കും ആവശ്യമാണ്. റിയൽ ജിഡിപിയെക്കാൾ നോമിനൽ ജിഡിപി വളരെ കൂടുതലെങ്കിൽ വിലക്കയറ്റം ഉയർന്നു നിൽക്കുന്നുവെന്നർഥം.

ഏതൊക്കെ ഡേറ്റ?
നിലവിൽ മുന്നൂറിലേറെ സ്രോതസ്സുകളിൽ നിന്നായി ആയിരത്തോളം തരം ഡേറ്റ വിലയിരുത്തിയാണ് രാജ്യത്തിന്റെ ജിഡിപി കണക്കാക്കുന്നത്.

കേന്ദ്ര സംസ്ഥാന ബജറ്റ് രേഖകൾ, പൊതുമേഖലാ കമ്പനികളുടെ വാർഷിക റിപ്പോർട്ടുകൾ, 18 ലക്ഷത്തോളം സ്വകാര്യകമ്പനികളുടെ വിവരങ്ങളുള്ള കോർപറേറ്റ് കാര്യമന്ത്രാലയത്തിന്റെ പോർട്ടൽ (എംസിഎ21), കാർഷിക ഉൽപന്നങ്ങളുടെ വിലവിവരം, ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിൽ നിന്നുള്ള മൈനിങ് ഡേറ്റ, വാണിജ്യമന്ത്രാലയത്തിന്റെ വ്യാപാരകണക്ക്, കേന്ദ്ര വൈദ്യുതി അതോറിറ്റിയിൽ നിന്നുള്ള വൈദ്യുതി ഉൽപാദന കണക്ക് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്.

ജിഡിപി കണക്കെടുപ്പ് രീതിയിൽ അടുത്ത മാസം മുതൽ ജിഎസ്ടി ഡേറ്റ, ഇ–വാഹൻ ഡേറ്റ, ഇന്റർനെറ്റ് ഉപഭോഗം, ധനകാര്യസ്ഥാപനങ്ങളിലെ വായ്പാഡേറ്റ തുടങ്ങിയവയും ഉൾച്ചേർക്കും.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports