ലക്ഷം പിന്നിട്ടിട്ടും താഴാതെ സ്വർണവില; ഇന്നും വർധിച്ചു

പവൻ വില ലക്ഷം രൂപ പിന്നിട്ടും സ്വർണവില മുക​ളിലേക്ക് തന്നെ

Spread the News

കൊച്ചി: പവൻ വില ലക്ഷം രൂപ പിന്നിട്ടും സ്വർണവില മുക​ളിലേക്ക് തന്നെ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 35 രൂപയുടെ വർധനയാണ് ഉണ്ടായത്. 12,735 രൂപയായാണ് വില വർധിച്ചത്. പവൻ വിലയിൽ 280 രൂപയുടെ വർധനയുണ്ടായി. 1,01,880 രൂപയായാണ് സ്വർണവില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് ഗ്രാമിന് 30 രൂപയും 14 കാരറ്റിന്റേതിൽ 25 രൂപയുടെ വർധനവുമുണ്ടായി.

ആഗോള വിപണിയിൽ ഇന്നും സ്വർണവില ഉയരുകയാണ്. ഔൺസിന് 4,494 ഡോളറായാണ് വില ഉയർന്നത്. 1.36 ശതമാനം നേട്ടമാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണത്തിനുണ്ടായത്. 60 ഡോളറിന്റെ വില വർധനവ് സ്വർണത്തിന് ആഗോള വിപണിയിൽ ഉണ്ടായി.

ഒരുവേള അന്താരാഷ്ട്ര വിപണിയിൽ ചരിത്രത്തിലാദ്യമായി സ്വർണവില 4500 ഡോളർ പിന്നിട്ടുവെങ്കിലും പിന്നീട് വിലയിൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ആഗോളവിപണിയിൽ ഈ വർഷം മാത്രം 70 ശതമാനം വർധനവാണ് സ്വർണത്തിനുണ്ടായത്.

ആഗോള രാഷ്ട്രീയസംഘർഷങ്ങൾക്കൊപ്പം യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ കൂട്ടത്തോടെ സ്വർണം വാങ്ങി കൂട്ടുന്നതും വിപണിയിൽ വില ഉയരുന്നതിന് ഇടയാക്കിയിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും ഉയർന്ന് തന്നെ നിൽക്കുകയാണ്. 0.8 ശതമാനത്തിന്റെ ഉയർച്ചയാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്വർണവില അടുത്ത വർഷത്തോടെ ഔൺസിന് 5000 ആകുമെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *