അദാനിക്കമ്പനിയിലെ ഓഹരി വിൽക്കാൻ ഫ്രഞ്ച് ഊർജ ഭീമൻ

അദാനിക്കമ്പനിയിലെ ഓഹരി വിൽക്കാൻ ഫ്രഞ്ച് ഊർജ ഭീമൻ

Spread the News
അദാനിക്കമ്പനിയിലെ ഓഹരി വിൽക്കാൻ ഫ്രഞ്ച് ഊർജ ഭീമൻ

മുംബൈ: അദാനി ഗ്രൂപ്പിന് കീഴിലെ മുഖ്യ കമ്പനികളിലൊന്നായ അദാനി ഗ്രീൻ എനർജിയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ ഫ്രഞ്ച് ഊർജ കമ്പനിയായ ടോട്ടൽ എനർജീസ്. നിലവിൽ 19 ശതമാനമാണ് ഓഹരി പങ്കാളിത്തം. ഇതിൽ 6% ഓഹരികൾ വിറ്റഴിച്ച് ഏകദേശം 10,000 കോടി രൂപയാകും ടോട്ടൽ എനർജീസ് സമാഹരിക്കുക. രണ്ട് ഉപസ്ഥാപനങ്ങൾ വഴിയാണ് ഇപ്പോൾ ടോട്ടൽ എനർജീസ് അദാനി ഗ്രീൻ എനർജിയിലെ ഓഹരികൾ കൈവശം വച്ചിരിക്കുന്നത്.

ടോട്ടൽ എനർജീസ് റിന്യൂവബിൾസ് ഇന്ത്യൻ ഓഷൻ ലിമിറ്റഡിന് 15.58%, ടോട്ടൽ എനർജീസ് സോളർ വിൻഡ് ഇന്ത്യൻ ഓഷൻ ലിമിറ്റഡ് 3.41% എന്നിങ്ങനെ ഓഹരികളാണുള്ളത്. 2021ൽ ആയിരുന്നു ടോട്ടൽ എനർജീസ് 250 കോടി ഡോളർ (ഏകദേശം 21,000 കോടി രൂപ) ചെലവിട്ട് അദാനി ഗ്രീൻ എനർജി ഓഹരികൾ വാങ്ങിയത്. ഇന്നതിന്റെ മൂല്യം 800 കോടി ഡോളർ (72,000 കോടി രൂപ). അതായത്, വൻ ലാഭത്തോടെയായിരിക്കും ഓഹരി വിൽപന.

അദാനി ഗ്രീൻ എനർജി തന്നെയാകും ടോട്ടൽ എനർജീസിൽ നിന്ന് ഓഹരികൾ വാങ്ങാൻ സാധ്യത. ഇക്കാര്യം ഇരു കമ്പനികളും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 1.67 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ എൻഎസ്ഇയിൽ വ്യാപാരം ചെയ്യുന്നത് 1.14% താഴ്ന്ന് 1,018.80 രൂപയിലാണ്.

2015ൽ പ്രവർത്തനം തുടങ്ങി അദാനി ഗ്രീൻ എനർജി ഇന്ത്യയിലെ ഏറ്റവും വലിയ റിന്യൂവബിൾ എനർജി കമ്പനികളിലൊന്നാണ്. നിലവിൽ 16.6 ഗിഗാവാട്ട് ആണ് സംയോജിതശേഷി. 2030ഓടെ ഇത് 50 ഗിഗാവാട്ടിലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് അദാനി. നിലവിലെ ഓഹരി പങ്കാളിത്തം വിലയിരുത്തിയാൽ, കമ്പനിയുടെ 62.43 ശതമാനവും പ്രമോട്ടർമാരുടെ കൈവശമാണ്.

പൊതു ഓഹരി ഉടമകളുടെ കൈവശമുള്ളത് 37.57 ശതമാനം. എൽഐസി, മ്യൂച്വൽഫണ്ടുകൾ എന്നിവയ്ക്ക് യഥാക്രമം 1.64%, 1.30% എന്നിങ്ങനെയും ഓഹരി പങ്കാളിത്തമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *