‘റാപ്പിഡോ’ ഫുഡ് ഡെലിവറി ബിസിനസിലേക്ക് പ്രവേശിക്കുന്നു

Spread the News

റാപ്പിഡോ’ ഫുഡ് ഡെലിവറി ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നു. സ്വിഗിയുടെയും സോമറ്റോയുടെയും കുത്തക തകർക്കാൻ റാപിഡോ റെഡി-ടു-ഡെലിവറി തുടങ്ങാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇതിൽ പിടിച്ചു നില്ക്കാൻ റാപിഡോക്ക് ആകുമോ എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച. കാരണം ഓല, യൂബർ അടക്കം പരീക്ഷിക്കുകയും പരാജയപ്പെടുകയും ചെയ്ത മേഖലയിലാണ് റാപിഡോ ഇപ്പോൾ കൈവയ്ക്കുന്നത്.

റാപ്പിഡോയുടെ 4 ദശലക്ഷം ‘റൈഡേഴ്സ് ഫ്ലീറ്റ്’ ഇപ്പോൾ ബൈക്ക്-ടാക്സി സേവനങ്ങൾ ആണ് ചെയ്യുന്നത്. പുതിയ ഭക്ഷണ വിതരണ ബിസിനസ് നടത്താൻ നിലവിലുള്ള ‘റൈഡേഴ്‌സ് ഫ്‌ളീറ്റ്’ തന്നെ മതിയെന്നുള്ളത് റാപിഡോക്ക് നേട്ടമാകും. ഭക്ഷണം എത്തിക്കുന്നതിന് ഒഎൻഡിസിയുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ റാപ്പിഡോയ്ക്ക് ഫുഡ് ഡെലിവറിയിലും പരിചയമുണ്ട്.

ഭക്ഷണ വില കുറവായിരിക്കും
സൊമാറ്റോയും സ്വിഗ്ഗിയും കമ്മീഷൻ ഫീസായി 16 മുതൽ 30 ശതമാനം വരെ ഈടാക്കുമ്പോൾ റാപ്പിഡോ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. സ്വിഗ്ഗിയും സൊമാറ്റോയും മെനു വില വർധിപ്പിക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് റസ്റ്ററന്റുകൾ പറയുന്നു.

എന്നാൽ റസ്റ്ററന്റുകളോട് അവരുടെ ഡെലിവറി, ഇൻ-ഹൗസ് മെനു വിലകൾ ഒരേപോലെ നിലനിർത്താൻ റാപ്പിഡോ ആവശ്യപ്പെട്ടു. 100 രൂപയ്ക്ക് മുകളിലുള്ള ഓർഡറിന് റസ്റ്ററന്റുകളിൽ നിന്ന് 25 രൂപ ഫീസ് നിശ്ചയിക്കാൻ റാപ്പിഡോ നിർദ്ദേശിച്ചിട്ടുണ്ട്.

ഉപയോക്താക്കളിൽ നിന്ന് തുടക്കത്തിൽ, റാപ്പിഡോ പ്ലാറ്റ്ഫോമോ പാക്കേജിങ് ഫീസോ ഈടാക്കുന്നില്ല. റാപ്പിഡോയുടെ കമ്മീഷൻ മോഡൽ 8 മുതൽ 15 ശതമാനം വരെയാണ്.

ഭക്ഷണ ബിസിനസ് വളരുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് കമ്മീഷൻ ഈടാക്കുന്ന രീതിയിലേക്ക് റാപിഡോയും മാറുമെന്നാണ് കരുതുന്നത്.റാപിഡോയിൽ നിന്നുള്ള മത്സരം മൂലം സ്വിഗിയും, സൊമാറ്റോയും സേവനങ്ങളുടെ ചാർജുകൾ കുറക്കാൻ സാധ്യതയുണ്ട്.

അങ്ങനെയാണെങ്കിൽ അതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *