വിവോ സ്റ്റൈലിഷ് V30 ലൈറ്റ് 5G സ്മാർട്ട്ഫോൺ സൗദി വിപണിയിലെത്തി
February 18, 2024റിയാദ്: പ്രൗഢമായ ചടങ്ങിൽ വിവോ അവരുടെ ഏറ്റവും പുതിയ മാസ്റ്റർപീസ് സ്മാർട്ട് ഫോണായ V30 Lite 5G സൗദി അറേബ്യയിലെ വിപണിയിൽ അവതരിപ്പിച്ചു. മൃദുവും മിനുസമാർന്നതുമായ ഡിസൈനും നൂതന സാങ്കേതികവിദ്യയും സംയോജിപ്പിച്ച്, ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് വിപ്ലകരമായ അനുഭവം സമ്മാനിക്കും വിധമാണ് ഇതിെൻറ നിർമാണമെന്ന് കമ്പനി അവകാശപ്പെട്ടു.
ഇക്കോ ഫൈബർ ലെതർ, മെറ്റാലിക് ഹൈ-ഗ്ലോസ് ഫ്രെയിം എന്നിവയിൽ നിർമിച്ച ഫോൺ കാണാൻ വളരെയേറെ ചന്തമുള്ളതാണ്. ലെതർ പർപ്പിൾ, ക്രിസ്റ്റൽ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്. അൾട്രാ-സ്ലിം വൺ-പീസ് 3D ഫ്ലാറ്റ് രൂപകൽപനയിലാണ് നിർമിതി.വളരെ ഭംഗിയുള്ളതും ഭാരം വളരെ കുറഞ്ഞതുമാണ്.
V30 Lite 5Gയുടെ മറ്റൊരു സവിശേഷത ദൃശ്യാനുഭവമാണ്. 6.67-ഇഞ്ച് 120 ഹെട്സ് അൾട്രാ വിഷൻ അമോലെഡ് ഡോച്ച് ഡിസ്പ്ലേ ഉജ്ജ്വല നിറങ്ങളിലും സ്ഫടികതുല്യമായ വ്യക്തതയിലും ആഴത്തിലുള്ള വിശദാംശങ്ങളിലും വ്യതിരിക്തമായ കാഴ്ചാനുഭവം പകർന്നുനൽകുന്നു. 300 ശതമാനം വോളിയം ഓഡിയോ ബൂസ്റ്ററും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഉള്ളതിനാൽ ശബ്ദ നിലവാരം നൽകുന്നു. ചുരുക്കത്തിൽ പോക്കറ്റ് വലുപ്പമുള്ള ഒരു സിനിമാതിയറ്ററായി ഫോൺ മാറുന്നു. V30 Lite 5G-യുടെ പ്രധാന സവിശേഷത 5000 ആംപിയർ പവർ-സേവിങ് ബാറ്ററിയാണ്, ഒപ്പം വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന 80W ഫ്ലാഷ് ചാർജറും. സ്മാർട്ട് ചാർജിങ് എൻജിൻ 2.0, ഓവർനൈറ്റ് ചാർജിങ്. പ്രൊട്ടക്ഷൻ എന്നിവ ഫോണിെൻറ ബാറ്ററിയെ സുരക്ഷിതമാക്കുന്നു.
V30 Lite 5G-യുടെ ഏറ്റവും ശ്രദ്ധേയമായ വശം മികച്ച കാമറ സംവിധാനവും ഫോട്ടോഗ്രാഫി കഴിവുകളുമാണ്. 50 മെഗാപിക്സൽ മെയിൻ കാമറ, എട്ട് മെഗാപിക്സൽ പോർട്രെയിറ്റ് കാമറ, എട്ട് മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ കാമറ എന്നിവ ഉൾപ്പെടുന്ന കാമറ സംവിധാനത്തിലൂടെ, ഉപയോക്താക്കൾക്ക് അതിശയകരമായ ഫോട്ടോകൾ എടുക്കാനാവും. 120 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ഫീച്ചർ ഉപയോഗിച്ച് വികൃതമാക്കാതെ പനോരമിക് ഷോട്ടുകൾ എടുക്കാൻ കഴിയും. കൂടാതെ, പോർട്രെയ്റ്റ് ലൈറ്റ് ഇഫക്റ്റ്, മൾട്ടി-സ്റ്റൈൽ പോർട്രെയ്റ്റ് എന്നീ സവിശേഷതകൾ ഫോട്ടോഗ്രാഫിയിലെ സർഗാത്മകതക്ക് അനുസൃതമായി പ്രഫഷനൽ നിലവാരമുള്ള പോർട്രെയ്റ്റുകൾ പകർത്താനും സഹായിക്കുന്നു.
സ്റ്റൈലിഷ് ഡിസൈനും ശക്തമായ പ്രകടനവും കൂടാതെ, ദൃഢതയും പ്രതിരോധശേഷിയും V30 Lite 5G ഫോണിെൻറ മറ്റ് എടുത്തുപറയാവുന്ന സവിശേഷതകളാണ്. പേറ്റൻറ് നേടിയ ആൻറി-സ്റ്റെയിൻ കോട്ടിങ് സാങ്കേതികവിദ്യയും പൊടി, ജലം എന്നിവയിൽനിന്ന് പ്രതിരോധം തീർക്കുന്ന IP54 സംവിധാനവും ഫോണിന് കറ, പോറൽ, കാലാവസ്ഥ പ്രശ്നങ്ങൾ എന്നിവയിൽനിന്ന് സംരക്ഷണവും ദീർഘായുസ്സും ഗുണനിലവാരവും ഉറപ്പാക്കുന്നു.
Vivo30യിൽ ലഭിക്കുന്ന മറ്റൊരു സൗകര്യമാണ് 256 ജിബി സ്റ്റോറേജ് കപ്പാസിറ്റി. പകർത്തുന്ന ഫോട്ടോകളും മറ്റ് ഡേറ്റയും ഫോൺ സ്റ്റോറേജ് നിറക്കാതെ സൂക്ഷിക്കാൻ കഴിയും. 60,000 ഫോട്ടോകൾ സംഭരിക്കാൻ കഴിയും. മാത്രമല്ല ഒരു ടിബി വരെ സ്റ്റോറേജ് സൗകര്യം വികസിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. 8-കോർ സിപിയു ആർക്കിടെക്ചറും സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഫോണിന് പ്രവർത്തിക്കാൻ വളരെ കുറഞ്ഞ വൈദ്യുതി മതി. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയായ 4nm സ്വീകരിക്കുന്ന ആദ്യത്തെ ഫോൺ എന്ന വിപ്ലവത്തിനും Vivo30 തുടക്കമിട്ടിരിക്കുകയാണ്. ഈ പുതുമക്കൊപ്പം, മെമ്മറി ബൂസ്റ്ററുമായി സംയോജിപ്പിച്ച ഫൺ ടച്ച് OS 14 ഓപറേറ്റിങ് സിസ്റ്റം, ഉപയോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും തടസ്സവുമില്ലാതെ ഫോൺ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കുന്നതാണ്.
ഉയർന്ന ഗുണമേന്മയുള്ള V30 Lite 5G സൗദിയിൽ കീശക്ക് അനുയോജ്യമായ വിലയിൽ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 1,199 റിയാലാണ് വില.