ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യുസിസി) ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ ശിൽപികൾ ഏകീകൃത സിവിൽ കോഡ് നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാജ്യത്തെ എല്ലാ പൗരന്മാർക്കും മതഭേദമന്യേ ഒരേ നിയമം ബാധകമാകണമെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.
‘വരുന്ന ദിവസങ്ങളിൽ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ഹിന്ദു, സിഖ്, മുസ്ലിം, ക്രിസ്ത്യൻ, പാഴ്സി എന്നിങ്ങനെ മതവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ നിയമത്തിന് കീഴിൽ ജീവിക്കാനുള്ള അവകാശം ലഭിക്കണം. മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത് നിയമങ്ങൾ രൂപീകരിക്കേണ്ടത്’ എന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജ്യത്തെ പൗരന്മാർക്ക് പൊതുവായ നിയമസംവിധാനം ഉറപ്പാക്കുകയാണ് ഏകീകൃത സിവിൽ കോഡിന്റെ ലക്ഷ്യം.
നിലവിൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അമിത് ഷായുടെ പുതിയ പ്രഖ്യാപനം.

