ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സഹകൺവീനർ സൗരവ് ദാസിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. വ്യാഴാഴ്ച ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച വിശദീകരണത്തിലാണ് നവംബർ 22, 23 തീയതികൾക്കിടയിലെ രാത്രിയിൽ മുംബൈ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയത്.
പ്രസംഗിക്കാനായി നിശ്ചയിച്ചിരുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനായി യുകെയിലേയ്ക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗരവ് ദാസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നവംബർ 23-ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന്റെ യാത്ര പെട്ടെന്ന് തടഞ്ഞതിനെ തുടർന്നായിരുന്നു ഈ ഹർജി.
കേന്ദ്രത്തിന്റെ ഈ വെളിപ്പെടുത്തൽ മുതിർന്ന അഭിഭാഷകൻ അഖിൽ സിബൽ ഉൾപ്പെടെയുള്ള സൗരവ് ദാസിന്റെ അഭിഭാഷകരെ കോടതിയിൽ അമ്പരപ്പിച്ചു. ലുക്ക്ഔട്ട് സർക്കുലറിന്റെ വിവരങ്ങൾ തങ്ങൾക്ക് കൈമാറണമെന്ന് സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി ആ അഭ്യർത്ഥന അംഗീകരിച്ചില്ല.
യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിൽ തടഞ്ഞപ്പോൾ സൗരവ് ദാസിനെതിരെ ലുക്ക്ഔട്ട് സർക്കുലർ ഉണ്ടെന്ന വിവരമൊന്നും അറിയിച്ചിരുന്നില്ലെന്ന് കപിൽ സിബൽ വ്യക്തമാക്കി. സൗരവ് ദാസിന്റെ പാസ്പോർട്ടിൽ “നിരവധി പൊരുത്തക്കേടുകൾ” ഉണ്ടെന്നും അത് അദ്ദേഹത്തിന്റെ പൗരത്വത്തെ തന്നെ ബാധിച്ചേക്കാമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ മുഖേന കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു.
നവംബർ 23-ന് ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ് സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നുവെന്നും, യുകെയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കാനുള്ള കാരണമായി ഇതാണ് ചൂണ്ടിക്കാണിക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

