മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ രേണു ദേശായി. ഇത്തവണ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായാണ് താരത്തിന്റെ വരവ്. തമിഴ് സ്പൈ ആക്ഷൻ ത്രില്ലറായ ഒഎം: ഓപ്പറേഷൻ മോൾ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ബർമ കാർത്തികേയന്റെ ഭാര്യ അമലയായാണ് രേണു എത്തുന്നത്. സിനിമയിലെ പ്രകടനത്തിലൂടെ വീണ്ടും ശ്രദ്ധ നേടുമ്പോൾ രേണുവിന്റെ വ്യക്തിജീവിതവും സിനിമാ യാത്രയുമാണ് ചർച്ചയാകുന്നത്.
അഭിനയരംഗത്ത് എത്തിയിട്ട് കാൽനൂറ്റാണ്ടിലേറെയായെങ്കിലും വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് രേണു അഭിനയിച്ചിട്ടുള്ളത്. എന്നാൽ അഭിനേത്രി എന്നതിനപ്പുറം നിർമാതാവ്, സംവിധായിക, കോസ്റ്റ്യൂം ഡിസൈനർ, പ്രൊഡക്ഷൻ ഡിസൈനർ എന്നീ നിലകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.
മോഡലിങ്ങിൽനിന്ന് സിനിമയിലേക്ക്
മഹാരാഷ്ട്രയിലെ പൂനെയിൽ ഗുജറാത്തി പിതാവിന്റെയും മാർവാരി മാതാവിന്റെയും മകളായാണ് രേണു ദേശായിയുടെ ജനനം. വീട്ടിൽ മറാത്തിയായിരുന്നു സംസാരഭാഷ. സിനിമയിലെത്തുന്നതിനു മുൻപ് മുംബൈയിൽ മോഡലായി പ്രവർത്തിച്ച രേണു മുപ്പതിലധികം പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ‘ബ്രീത്ത്ലെസ്’ എന്ന സംഗീത ആൽബത്തിലെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.
2000ൽ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബദ്രിയിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. പവൻ കല്യാണായിരുന്നു ചിത്രത്തിലെ നായകൻ. പിന്നീട് ജീവിതപങ്കാളിയായും മാറിയ പവനൊപ്പം 2003ൽ പുറത്തിറങ്ങിയ ജോണിയിലും രേണു അഭിനയിച്ചു. പവൻ കല്യാൺ തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
അഭിനയത്തിനു പുറമേ ജോണിയിൽ പ്രൊഡക്ഷൻ ഡിസൈനറായും കോസ്റ്റ്യൂം ഡിസൈനറായും രേണു പ്രവർത്തിച്ചു. ഇരുപതുകളുടെ തുടക്കത്തിലായിരുന്ന താരം അന്ന് ദിവസവും 17 മണിക്കൂറോളം ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഖുഷി (2001), ഗുഡുംബ ശങ്കർ (2004), അന്നവരം (2006) തുടങ്ങിയ പവൻ കല്യാണിന്റെ ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചു.
പവൻ കല്യാണുമായുള്ള വിവാഹവും വിവാഹമോചനവും
സിനിമാ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വളർന്നു. ആദ്യ ഭാര്യ നന്ദിനിയുമായുള്ള വിവാഹമോചനത്തിനുശേഷം പവൻ കല്യാണും രേണുവും 2009ൽ വിവാഹിതരായി. എന്നാൽ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 2012ൽ ഇരുവരും വിവാഹമോചിതരായി. അകിര, ആദ്യ എന്നീ രണ്ടു മക്കളുണ്ട്.
വിവാഹമോചന സമയത്ത് പവൻ കല്യാൺ വലിയൊരു തുക ജീവനാംശമായി നൽകിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താൻ ആ പണം സ്വീകരിച്ചിട്ടില്ലെന്നും മുൻഭർത്താവ് നൽകിയ വലിയ തുകയുടെ ചെക്ക് നിരസിച്ചുവെന്നും രേണു പിന്നീട് വ്യക്തമാക്കിയിരുന്നു.
“വിവാഹമോചന സമയത്ത് ഞാൻ വലിയ തുക കൈപ്പറ്റിയെന്നും പണത്തിനുവേണ്ടിയാണ് വിവാഹമോചനം നേടിയതെന്നുമാണ് ആളുകൾ പറയുന്നത്. അത് എന്നെ വേദനിപ്പിക്കുന്ന കാര്യമാണ്. കാരണം ഞാൻ അങ്ങനെയുള്ള ഒരാളല്ല,” 2019ൽ ബിബിസി ന്യൂസ് തെലുങ്കിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു.
വിവാഹമോചനം ആവശ്യപ്പെട്ടത് പവൻ കല്യാണായിരുന്നുവെന്നും രേണു വെളിപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം കടുത്ത മാനസിക സമ്മർദത്തിലൂടെ കടന്നുപോയെന്നും കൗൺസലിങ്ങിന് വിധേയയായെന്നും 2018ൽ ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. രണ്ടു കുട്ടികളെ ഒറ്റയ്ക്ക് വളർത്തുന്നതും വെല്ലുവിളിയായിരുന്നുവെങ്കിലും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിച്ചെന്നും രേണു വ്യക്തമാക്കി.
വീണ്ടും വിവാഹത്തിനൊരുങ്ങിയെങ്കിലും നടന്നില്ല
പവൻ കല്യാൺ പിന്നീട് റഷ്യൻ പൗരയായ അന്ന ലെഷ്നേവയെ വിവാഹം കഴിച്ചു. അതേസമയം, രേണു വീണ്ടും വിവാഹിതയായിട്ടില്ല. 2018ൽ മറ്റൊരാളുമായി മോതിരം കൈമാറുന്ന ചിത്രം താരം പങ്കുവച്ചത് വലിയ ചർച്ചയായിരുന്നു. എന്നാൽ ആ ബന്ധം വിവാഹത്തിലെത്തിയില്ല. പവൻ കല്യാൺ ആശംസകൾ അറിയിച്ചെങ്കിലും താരത്തിന്റെ ആരാധകരിൽ ചിലർ രേണുവിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഭാവിയിൽ വീണ്ടും വിവാഹം കഴിച്ചേക്കാമെന്നും രേണു പിന്നീട് പറഞ്ഞിട്ടുണ്ട്.അതേസമയം, ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായ പവൻ കല്യാൺ ഈ മാസം ആദ്യം അന്ന ലെഷ്നേവയുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്.
വിവാഹമോചനത്തിനുശേഷം മറാത്തി ചിത്രമായ ഇഷ്ക് വാല ലവ് (2014) സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്ത രേണു, മംഗളാഷ്ടക് വൺസ് മോർ (2013) എന്ന ചിത്രത്തിന്റെ നിർമാണത്തിലും പങ്കാളിയായി. എന്നാൽ ഈ ചിത്രങ്ങൾക്കൊന്നും അഭിനയരംഗത്തേക്ക് സജീവമായി തിരിച്ചെത്താൻ താരത്തെ സഹായിക്കാനായില്ല. 2021ൽ തെലുങ്ക് ടെലിവിഷൻ പരമ്പരയായ രാധമ്മ കുത്തുരുവിൽ ചെറിയ വേഷത്തിലും പ്രത്യക്ഷപ്പെട്ടു.
2023ൽ രവി തേജ നായകനായ വംശി ചിത്രം ടൈഗർ നാഗേശ്വര റാവുവിലൂടെയാണ് രേണു വീണ്ടും ശ്രദ്ധേയമായ വേഷത്തിലെത്തിയത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. സാക്നിൽ റിപ്പോർട്ടുകൾ പ്രകാരം ആഗോളതലത്തിൽ 49 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ.
ഇതിനുപിന്നാലെയാണ് മമ്മൂട്ടിക്കൊപ്പം ഒഎം: ഓപ്പറേഷൻ മോൾ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ധനുഷും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന സ്പൈ ആക്ഷൻ ത്രില്ലർ ആഗോള ബോക്സ് ഓഫീസിൽ 100.75 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ അമല എന്ന കഥാപാത്രത്തിലൂടെ രേണുവിന്റെ തിരിച്ചുവരവും വീണ്ടും ശ്രദ്ധ നേടുകയാണ്.

