കോവിഡ് ക്ലെയിമുകളിലെ വീഴ്ച: സ്റ്റാർ ഹെൽത്തിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

കോവിഡ് ക്ലെയിമുകളിലെ വീഴ്ച: സ്റ്റാർ ഹെൽത്തിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

Spread the News

സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിക്കെതിരെ കർശന നടപടിയുമായി ഇൻഷുറൻസ് റെഗുലേറ്റർ ഐ.ആർ.ഡി.എ.ഐ. കോവിഡ് സംബന്ധമായ ചില ക്ലെയിമുകൾ കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ ആസ്ഥാനമായുള്ള ആരോഗ്യ ഇൻഷുറൻസ് കമ്പനിക്ക് 2 കോടി രൂപ പിഴ ചുമത്തിയത്. 2022ന്റെ തുടക്കത്തിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് നടപടി.

അനാവശ്യമായി ക്ലെയിമുകൾ നിരസിച്ചതിന് 1 കോടി രൂപയും, അനുചിതമായ തുക വെട്ടിക്കുറയ്ക്കലിനും കൃത്യമായ വിവരങ്ങൾ നൽകാത്തതിനും 1 കോടി രൂപയും ചേർത്താണ് ആകെ 2 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്. ഏത് പ്രത്യേക പോളിസി വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ക്ലെയിമുകൾ നിരസിച്ചതെന്നോ കുറച്ചതെന്നോ പോളിസി ഉടമകളെ അറിയിച്ചിരുന്നില്ലെന്ന് ഇത് തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള അവരുടെ അവസരം ഇല്ലാതാക്കിയെന്നും ഐ.ആർ.ഡി.എ.ഐ പറഞ്ഞു.

നെറ്റ്‌വർക്ക് ആശുപത്രികളുമായി ധാരണയായ ഡിസ്കൗണ്ടുകൾ ആശുപത്രി ബില്ലുകളിൽ രേഖപ്പെടുത്തുന്നുണ്ടെന്നും പോളിസി ഉടമകളെ അറിയിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താത്തതിന് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രികളുമായി ധാരണയായ ഡിസ്കൗണ്ടുകൾ പോളിസി ഉടമയ്ക്കോ ക്ലെയിം ചെയ്യുന്നയാൾക്കോ ലഭിക്കുന്നുണ്ടെന്ന് ഇൻഷുറൻസ് കമ്പനികളും തേർഡ്-പാർട്ടി അഡ്മിനിസ്ട്രേറ്റർമാരും ഉറപ്പുവരുത്തണമെന്ന് ടി.പി.എ റെഗുലേഷൻസിലെ റെഗുലേഷൻ 20(9) അനുശാസിക്കുന്നു.

ഈടാക്കിയ യഥാർഥ തുക രോഗിക്ക് അറിയാൻ കഴിയുന്ന തരത്തിൽ, ധാരണയായ ഡിസ്കൗണ്ടുകൾ ആശുപത്രി ബില്ലിൽ കാണിച്ചിരിക്കണം. പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് ബില്ലിങ് പ്രക്രിയ സുതാര്യമാക്കാനാണ് ഇത്. ക്ലെയിം തുക ഇൻഷുറൻസ് പരിധി കവിയുന്ന കേസുകൾക്കും ഈ നിയമം ബാധകമാണ്. ഇവിടെ, രോഗി അടയ്ക്കേണ്ട അധിക തുക കണക്കാക്കുന്നതിന് മുമ്പ് മൊത്തം ആശുപത്രി ബില്ലിൽ നിന്ന് ഡിസ്കൗണ്ട് കുറയ്ക്കണം. അതുവഴി രോഗി അർഹമായതിലും കൂടുതൽ തുക നൽകേണ്ടി വരുന്നത് ഒഴിവാക്കാം.

നവംബർ 20ലെ ഉത്തരവ് പ്രകാരം, അനുവദിച്ച തുക, നിരസിച്ച തുക, നൽകാനാവാത്ത തുക, ഡിസ്കൗണ്ട് തുകകൾ, ഇൻഷുറൻസ് പരിധിയിലുണ്ടായ കുറവ് എന്നിവയെല്ലാം ക്ലെയിം സെറ്റിൽമെന്‍റ് കത്തുകളിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 90 ദിവസത്തിൽ കൂടുതൽ നേരത്തെ പുതുക്കൽ പ്രീമിയം ശേഖരിച്ചതിനും ഇൻഷുറൻസ് ഓംബുഡ്‌സ്മാന്‍റെ വിവരങ്ങൾ നൽകാത്തതിനും റെഗുലേറ്റർ കമ്പനിക്ക് താക്കീത് നൽകി. ഈ ഉത്തരവ് ഇൻഷുറൻസ് കമ്പനിയുടെ ബോർഡിന് മുന്നിൽ വയ്ക്കുമെന്നും തുടർന്ന് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഐ.ആർ.ഡി.എ.ഐ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *