പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇനി ‘വിശ്വാസമുദ്ര’

പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇനി ‘വിശ്വാസമുദ്ര’

Spread the News
പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇനി ‘വിശ്വാസമുദ്ര’

പാല്‍ വാങ്ങുമ്പോള്‍ ഇനി പറ്റിക്കപ്പെടില്ല! പാലും പാലുല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ സ്റ്റാന്‍ഡേര്‍ഡ് ലോഗോ ഇന്ത്യയിലെ പാക്കറ്റുകളില്‍ നിര്‍ബന്ധമാക്കാന്‍ FSSAI ഒരുങ്ങുകയാണ്. നീല ചതുരത്തിനുള്ളില്‍ വെളുത്ത പാല്‍ തുള്ളി രൂപത്തിലുള്ള ഈ ലോഗോ, പാല്‍, പനീര്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ തിരിച്ചറിയലിന് ഏകീകൃത അടയാളമാകും.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (ലേബലിംഗ് ആന്‍ഡ് ഡിസ്‌പ്ലേ) സെക്കന്‍ഡ് അമെന്‍ഡ്‌മെന്റ് റെഗുലേഷന്‍സ്, 2026 പ്രകാരമാണ് ഈ നിയമം അവതരിപ്പിക്കുന്നത്. എല്ലാ പാലും പാലുല്‍പ്പന്നങ്ങളും, സംയോജിത പാലുല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ, അവയുടെ ലേബലില്‍ നിര്‍ദ്ദിഷ്ട ലോഗോ പ്രദര്‍ശിപ്പിക്കണം; നിയമം 2028 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ലോഗോയുടെ വലുപ്പം പാക്കറ്റിന്റെ വലുപ്പമനുസരിച്ച് 6 മി.മീ. മുതല്‍ 16 മി.മീ. വരെ ആയിരിക്കും.

പാലുല്‍പ്പന്ന വിഭാഗത്തിലെ വ്യാജ അല്ലെങ്കില്‍ അനലോഗ് ഉല്‍പ്പന്നങ്ങള്‍ യഥാര്‍ഥ പാലുല്‍പ്പന്നങ്ങളായി തെറ്റിദ്ധരിപ്പിക്കുന്നത് തടയാനാണ് ഈ നടപടി. ഷോപ്പില്‍ വാങ്ങുമ്പോള്‍ ഒരു നോട്ടത്തില്‍ തന്നെ ഉല്‍പ്പന്നം പാലിന്റെയോ പാലുല്‍പ്പന്നത്തിന്റെയോ വിഭാഗത്തില്‍ പെട്ടതാണെന്ന് ഉപഭോക്താവിന് മനസ്സിലാക്കാന്‍ വ്യക്തമായ ദൃശ്യ അടയാളം സഹായിക്കും. ഇതോടൊപ്പം, പനീര്‍ എന്ന പേരില്‍ വില്‍പ്പന നടത്തുന്ന അനലോഗ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനുള്ള കരട് നിയന്ത്രണവും FSSAI അവതരിപ്പിച്ചിട്ടുണ്ട്.

ഉത്സവ കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ദേശീയ പരിശോധനയും FSSAI നടത്തി. സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 5 വരെ സംസ്ഥാന ഭക്ഷ്യ വിഭാഗങ്ങള്‍ ഏകദേശം 56,431 ഭക്ഷ്യ സ്ഥാപനങ്ങള്‍ പരിശോധിച്ചു; ഏകദേശം 10,000 മെച്ചപ്പെടുത്തല്‍ നോട്ടീസുകള്‍ പുറപ്പെടുവിച്ചു, 1,133 ലൈസന്‍സുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എണ്ണകള്‍, പാല്‍, പനീര്‍, മധുരപലഹാരങ്ങള്‍, ഖോയ, നെയ്യ്, ഐസ്‌ക്രീം, നംകീന്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഏകദേശം 3,279.57 മെട്രിക് ടണ്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ – ഏകദേശം 81.80 കോടി രൂപ വിലമതിക്കുന്നവ – പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *