എംടിഎൻഎല്ലിന്റെ ആസ്തികൾ വിറ്റ് 6,000 കോടി സമാഹരിക്കാൻ കേന്ദ്ര സർക്കാർ

എംടിഎൻഎല്ലിന്റെ ആസ്തികൾ വിറ്റ് 6,000 കോടി സമാഹരിക്കാൻ കേന്ദ്ര സർക്കാർ

Spread the News
എംടിഎൻഎല്ലിന്റെ ആസ്തികൾ വിറ്റ് 6,000 കോടി സമാഹരിക്കാൻ കേന്ദ്ര സർക്കാർ

കടക്കെണിയിലായ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആസ്തികൾ വിറ്റ് പണം സമാഹരിക്കാൻ സർക്കാർ. എം.ടി.എൻ.എല്ലിന്റെ ഭൂമിയും കെട്ടിടങ്ങളുമാണ് വിൽക്കുന്നത്. ഇതിലൂടെ നടപ്പ് സാമ്പത്തിക വർഷം 6,000 കോടി രൂപ കണ്ടെത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഭീമമായ സാമ്പത്തിക ബാധ്യതയുടെ ഒരുഭാഗം വീട്ടുന്നതിനായാണ് തുക വിനിയോഗിക്കുക.

അടുത്ത രണ്ടു വർഷത്തേക്കുള്ള വിൽപന പദ്ധതിയും സർക്കാരിന്റെ പരിഗണനയിലാണ്. ആദ്യഘട്ടമായാണ് 6,000 കോടിയുടെ ആസ്തികൾ വിൽക്കുന്നത്. കനത്ത ബാധ്യത നേരിടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്നതിനും അത്രതന്നെ പ്രാധാന്യമില്ലാത്ത ആസ്തികൾ വിൽക്കുന്നതിനുമാണ് സർക്കാർ നീക്കം. പൊതുഖജനാവിൽനിന്ന് നേരിട്ട് ധനസഹായം നൽകുന്നതിനു പകരം നിഷ്ക്രിയ ആസ്തികളിൽനിന്ന് പണം കണ്ടെത്താനാണ് പദ്ധതി.

ഇതിന്റെ ഭാഗമായി മെട്രോ നഗരങ്ങളിലുള്ള എം.ടി.എൻ.എല്ലിന്റെ വസ്തുവകകളാണ് ആദ്യം വിറ്റഴിക്കുക. മുംബൈയിൽ 4,000 കോടി രൂപ മൂല്യമുള്ള അഞ്ച് വസ്തുക്കളുടെ വിൽപനയ്ക്ക് ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. ആയിരം കോടി രൂപയുടെ മറ്റ് ആസ്തികൾ കൂടി വിറ്റഴിക്കാൻ അംഗീകാരം തേടിയിട്ടുണ്ട്.

വർഷങ്ങളായുള്ള പ്രവർത്തനനഷ്ടവും ഉയരുന്ന കടബാധ്യതകളുമാണ് എം.ടി.എൻ.എല്ലിന്റെ ആസ്തികൾ വിൽക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കാൻ കാരണം. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ള സ്ഥാപനമായിട്ടും വായ്പാതിരിച്ചടവിൽ കുടിശ്ശിക വന്നത് ബാങ്കിങ് മേഖലയിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം 40,000 കോടി രൂപയാണ് എം.ടി.എൻ.എല്ലിന്റെ മൊത്തം ബാധ്യത. വരുമാനമാകട്ടെ 1,469 കോടി രൂപ മാത്രമായിരുന്നു. നഷ്ടം 3,102 കോടിയാകുകയും ചെയ്തു.

എസ്.ബി.ഐ., പി.എൻ.ബി., ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്, യൂക്കോ ബാങ്ക് എന്നിവിടങ്ങളിൽനിന്നാണ് വൻതോതിൽ വായ്പയെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *