തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ ചേർക്കുന്നുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരിശോധന ആരംഭിച്ചു. നാല് ജില്ലകളിലെ പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ വിശദമായ പരിശോധനക്കായി ലബോറട്ടറികളിലേക്ക് അയച്ചു. പത്ത് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
തിരുവനന്തപുരം വഴയിലയിലെ പെട്രോൾ പമ്പിൽനിന്നാണ് പരിശോധനക്ക് തുടക്കമിട്ടത്. ഇവിടെനിന്ന് ആറ് സാമ്പിളുകൾ വീതം ശേഖരിച്ചു. തുടർന്ന് കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലെ പമ്പുകളിൽനിന്നും സാമ്പിളുകൾ എടുത്തു. ശേഖരിച്ച സാമ്പിളുകൾ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) അംഗീകാരമുള്ള ലാബുകളിലാണ് പരിശോധിക്കുക.
പെട്രോളിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ എഥനോൾ കണ്ടെത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പരിശോധനയിൽ സർക്കാറിന് മുൻവിധികളില്ലെന്നും പെട്രോളിന്റെ ഗുണനിലവാരവും അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളും സംബന്ധിച്ച യഥാർഥ വിവരം അറിയാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പെട്രോളിൽ 20 ശതമാനം വരെയാണ് എഥനോൾ ചേർക്കാൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ, കർണാടകയിൽ വിൽക്കുന്ന പെട്രോളിൽ 30 ശതമാനത്തിലധികം എഥനോൾ കലർത്തുന്നുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. കർണാടക സർക്കാറിന്റെ ഈ കണ്ടെത്തലിനു പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്താൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് സിവിൽ സപ്ലൈസ് വകുപ്പ് പരിശോധനക്ക് തീരുമാനമെടുത്തത്. പെട്രോളിലെ എഥനോൾ സാന്നിധ്യം സംബന്ധിച്ച ആശങ്കകൾക്ക് വ്യക്തത വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ലാബ് റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാറിന്റെ തീരുമാനം.

