വാഹനങ്ങളുടെ നിറവും രൂപവും മാറ്റാം; കര്‍ശന നിബന്ധനകളോടെ ഏഴ് മാറ്റങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്

വാഹനങ്ങളുടെ നിറവും രൂപവും മാറ്റാം; കര്‍ശന നിബന്ധനകളോടെ ഏഴ് മാറ്റങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്

Spread the News
വാഹനങ്ങളുടെ നിറവും രൂപവും മാറ്റാം; കര്‍ശന നിബന്ധനകളോടെ ഏഴ് മാറ്റങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്

വാഹനങ്ങളുടെ നിറവും രൂപവും ഉള്‍പ്പെടെയുള്ള പ്രധാന മാറ്റങ്ങള്‍ക്ക് കര്‍ശന നിബന്ധനകളോടെ സര്‍ക്കാര്‍ അനുമതി നല്‍കി. ഗതാഗത കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

എഞ്ചിനും ഷാസിയും ഉള്‍പ്പെടെയുള്ള ഏഴ് മാറ്റങ്ങള്‍ക്കാണ് പുതിയ ഉത്തരവിലൂടെ അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ മാറ്റങ്ങളും ഗതാഗത വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചായിരിക്കണം മാറ്റങ്ങള്‍ വരുത്തേണ്ടത്.

പ്രധാന വിവരങ്ങള്‍
നിറം മാറ്റം: വാഹനത്തിന്റെ നിറം മാറ്റുന്നതിന് രജിസ്റ്ററിങ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങി ആര്‍സിയില്‍ രേഖപ്പെടുത്തണം. കേന്ദ്ര മോട്ടോര്‍വാഹന ചട്ടം (സിഎംവിആര്‍) 121 പ്രകാരമോ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനപ്രകാരമോ നിരോധിക്കപ്പെട്ട നിറങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല.

എഞ്ചിൻ മാറ്റം: വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള അതേ സ്പെസിഫിക്കേഷനിലുള്ള (ഒരേ മോഡല്‍, കപ്പാസിറ്റി, പവര്‍ മുതലായവ) എഞ്ചിൻ മാത്രമേ മാറ്റിവയ്ക്കാന്‍ പാടുള്ളൂ. ഒരേ നിര്‍മാതാവിന്റെ എഞ്ചിൻ തന്നെയായിരിക്കണം ഇത്. മറ്റേതെങ്കിലും വാഹനത്തിന്റെ എഞ്ചിൻ ഘടിപ്പിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

ഷാസിയും ബോഡിയും: ഷാസി ഫ്രെയിം മാറ്റുന്നതിനും ബോഡി ഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കും മുന്‍കൂര്‍ അനുമതിയോടെ ആര്‍സിയില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഒരു തരത്തിലുള്ള വാഹനത്തിനായി നിര്‍മിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റാന്‍ അനുമതിയുണ്ടാകില്ല.

മറ്റ് പ്രധാന മാറ്റങ്ങള്‍: വാഹനത്തിന്റെ ഇന്ധന തരം മാറ്റുന്നതിനും, പ്രൊപ്പല്‍ഷന്‍ സിസ്റ്റം പരിഷ്‌കരിക്കുന്നതിനും, വാഹനം ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനും പുതിയ ഉത്തരവ് പ്രകാരം അനുമതി ലഭിക്കും.

ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും (ആര്‍ടിഒ) സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും (എസ്ആര്‍ടിഒ) ഗതാഗത കമ്മീഷണര്‍ അയച്ചിട്ടുണ്ട്.

അനധികൃത വാഹന രൂപമാറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുന്നതിനിടയിലാണ് ഔദ്യോഗികമായി നിബന്ധനകളോടെയുള്ള ഈ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *