ചിങ്ങത്തിനു മുൻപേ കാറെടുക്കാൻ തിരക്കിട്ട് മലയാളി; ഓണ ബുക്കിങ്ങിൽ 50% വരെ വർധന

ചിങ്ങത്തിനു മുൻപേ കാറെടുക്കാൻ തിരക്കിട്ട് മലയാളി; ഓണ ബുക്കിങ്ങിൽ 50% വരെ വർധന

Spread the News
ചിങ്ങത്തിനു മുൻപേ കാറെടുക്കാൻ തിരക്കിട്ട് മലയാളി; ഓണ ബുക്കിങ്ങിൽ 50% വരെ വർധന

കൊച്ചി: കാർ വിപണിയിൽ ഓണം ചിങ്ങത്തിനു മുൻപേ വന്നപോലെയാണ്. ബുക്കിങ്ങിൽ 30% മുതൽ 50% വരെ വർധന ശരാശരി മാസങ്ങളെ അപേക്ഷിച്ചും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചും. കൊടുക്കാൻ ആവശ്യം പോലെ വണ്ടി ഇല്ലെന്നതു മാത്രമാണ് മിക്ക ഡീലർമാരുടെയും പ്രശ്നം.

മിക്ക മോഡലുകൾക്കും ഏതാനും ആഴ്ചത്തെ കാത്തിരിപ്പുണ്ട്. സൂപ്പർ സെല്ലിങ് മോഡലുകൾക്ക് 8 ആഴ്ചയിലേറെ. അതിനാൽ ചിങ്ങമാസത്തിൽ തന്നെ ഡെലിവറി വേണമെന്നുള്ളവർ ഉടനെ ബുക്ക് ചെയ്യുന്നതാകും നല്ലതെന്ന് ഓട്ടമോട്ടീവ് വക്താവ് ചൂണ്ടിക്കാട്ടി.

നേരത്തേ ബുക്ക് ചെയ്ത പലർക്കും ചിങ്ങമാസം പിറന്ന ശേഷം ഡെലിവറി മതിയെന്നാണ്. അതിനാൽ നിലവിൽ വൻ തോതിൽ വരുന്ന അന്വേഷണങ്ങളും ടെസ്റ്റ് ഡ്രൈവുകളും അടുത്ത 17ന് ചിങ്ങം പുലരുന്നതോടെ ബുക്കിങ്ങിലേക്കു നീളുമെന്നു കരുതപ്പെടുന്നു. എല്ലാ വാഹന ഡീലർമാർക്കും കമ്പനികളുടെ ടാർഗറ്റും സമ്മാന പദ്ധതികളുമുണ്ട്.

പ്രീമിയം മോഡലുകൾക്കും 50% വരെ വളർച്ചയുണ്ട്. ഒരു ഡീലറുടെ വിവിധ കേന്ദ്രങ്ങളിൽ മാസം ശരാശരി 200 വാഹനങ്ങൾ വിൽക്കുന്ന സ്ഥാനത്ത് ഈ മാസം 300 വാഹനങ്ങൾക്ക് ബുക്കിങ് ലഭിച്ചു കഴിഞ്ഞു. സംസ്ഥാനമാകെ 1200 വാഹനങ്ങൾ മാസം വിൽക്കുന്ന വേറൊരു ഡീലർ കമ്പനി 1600 വാഹനങ്ങളുടെ വിൽപനയാണു പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഓണത്തിന് 1100 കാറുകളാണു വിറ്റത്. ഇക്കുറി 1800 വരെ എത്തുമെന്നാണു കണക്കാക്കുന്നത്. പൊതുവിപണിയുടെ പ്രതിഫലനവും ഇതു തന്നെയാണ്.

മിക്ക കാർ കമ്പനികളും പുതിയ മോഡലുകളുമായോ പഴയ മോഡലിന്റെ പുതിയ രൂപവുമായോ രംഗത്തുണ്ട്. ഇഷ്ട നിറം വേണമെങ്കിൽ കാത്തിരിപ്പു വേണ്ടിവരുമെന്ന സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *