തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ

തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ

Spread the News

മുംബൈ: പാലങ്ങള്‍, ഹൈവേകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, കെട്ടിടങ്ങള്‍, വ്യാവസായിക ആസ്തികള്‍ എന്നിവ തുരുമ്പെടുത്തും കാലപ്പഴക്കവുമില്ലാതെ വേഗത്തില്‍ നശിക്കുന്നത് വഴി ഇന്ത്യക്ക് പ്രതിവര്‍ഷം ഉണ്ടാകുന്നത് 14 ലക്ഷം കോടി രൂപയുടെ നഷ്ടമെന്ന് കണക്കുകൾ. ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 4.3 ശതമാനം വരും.

ഏറ്റവും കൂടുതല്‍ നഷ്ടം വൈദ്യുതി മേഖലയില്‍
വൈദ്യുതോല്‍പ്പാദന- വിതരണ മേഖലയ്ക്കാണ് ഈ നശീകരണം കാരണം ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. ടെലികമ്മ്യൂണിക്കേഷന്‍, വാഹന മേഖല, അടിസ്ഥാന സൗകര്യങ്ങള്‍, റെയില്‍വേ എന്നിവയാണ് തൊട്ടുപിന്നില്‍ പ്രതിസന്ധി നേരിടുന്ന മറ്റ് മേഖലകള്‍.

തുരുമ്പ് മൂലമുള്ള ഈ ഉയര്‍ന്ന നഷ്ടം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ ഭീഷണിയാണെന്നും ഭാവിയില്‍ ഇത് ജിഡിപിയെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ജിഡിപിയില്‍ 1.5 ശതമാനം വരെ വളര്‍ച്ച നേടാനായേക്കും.

വികസിത രാജ്യങ്ങളില്‍ പ്രത്യേക മാനദണ്ഡം
അമേരിക്കയും ജപ്പാനും പോലുള്ള വികസിത രാജ്യങ്ങള്‍ വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ചാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രതിരോധ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ എല്ലാത്തരം കാലാവസ്ഥകളിലും ഒരേ മാനദണ്ഡമാണ് പിന്തുടരുന്നത്.

പ്രത്യേകിച്ച് മഴക്കാലത്ത് ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും ലവണാംശവും കാരണം നിര്‍മ്മിതികള്‍ വേഗത്തില്‍ നശിക്കാന്‍ ഇത് കാരണമാകുന്നു. അതിജീവനശേഷിയും സുരക്ഷയും വര്‍ധിപ്പിക്കുന്നതിനായി തുരുമ്പിനെ പ്രതിരോധിക്കാനുള്ള നടപടികൾ കര്‍ശനമാക്കുക, നിയമപാലനം ഉറപ്പാക്കുക, ബോധവല്‍ക്കരണം വര്‍ധിപ്പിക്കുക എന്നിവയാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍.

രാജ്യത്തെ ദീര്‍ഘകാല ആസ്തികളുടെ സംരക്ഷണത്തിനായി ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്.

പഴുതുകള്‍ മുതലെടുത്ത് കരാറുകാര്‍
തുരുമ്പിനെ പ്രതിരോധിക്കാനായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഇന്‍ഹിബിറ്ററുകള്‍, കോട്ടിങ്ങുകള്‍ തുടങ്ങിയവ നിര്‍ദേശിക്കുന്നുണ്ടെങ്കിലും, പ്രത്യേക സാഹചര്യങ്ങളില്‍ ഏത് രീതിയാണ് ഉപയോഗിക്കേണ്ടതെന്ന് വ്യക്തമായി പറയുന്നില്ല.

സിങ്ക് കോട്ടിങ്, എപ്പോക്‌സി കോട്ടിങ്, ഹോട്ട്- ഡിപ്പ് ഗാല്‍വനൈസേഷന്‍, വെതറിങ് സ്റ്റീല്‍ എന്നിവയില്‍ ഏതാണ് വേണ്ടതെന്ന് കൃത്യമായി നിഷ്‌കര്‍ഷിക്കാത്തതിനാല്‍, കരാറുകാര്‍ക്ക് ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങള്‍ മാത്രം പാലിച്ച് രക്ഷപ്പെടാന്‍ ഇത് അവസരമൊരുക്കുന്നു.

ഉയര്‍ന്ന ഗതാഗതമുള്ളതും തുരുമ്പെടുക്കാന്‍ സാധ്യത കൂടുതലുള്ളതുമായ പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും വെള്ളം, മലിനീകരണം, ഉയര്‍ന്ന ഭാരം എന്നിവ കാരണം വേഗത്തില്‍ നശിക്കുകയാണ്.

പൊതുസ്വത്തുക്കളുടെ നാശവും ജീവഹാനിയും ഒഴിവാക്കാന്‍ ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *