ക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

ക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

Spread the News
ക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രഷര്‍, ക്വാറി ഉത്‌പന്നങ്ങളുടെ കയറ്റുമതിക്ക് നിരോധനം. കല്ല്, മെറ്റല്‍, എം.സാന്‍ഡ് എന്നിവ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് താത്‌ക്കാലിക നിരോധനം.

കയറ്റുമതി അധികമായതിനാല്‍ സംസ്ഥാനത്ത് നിര്‍മാണവുമായി ബന്ധപ്പെട്ട ഖനന വിഭവങ്ങള്‍ക്ക് ക്ഷാമം നേരിട്ടതാണ് നിലവിലെ നടപടിക്ക് കാരണം. മാത്രമല്ല ഇവ ലഭിക്കാതായതോടെ വിലയും അധികരിച്ചിരിക്കുകയാണ്. മൂന്ന് മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഭാര വാഹനങ്ങളിലാണ് ക്വാറി ഉത്‌പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇത് അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകള്‍ തകരാറിലാക്കുകയും ഇത് വലിയ ഗതാഗത കുരുക്കിന് കാരണമാകുകയും റോഡ് അപകടങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

തമിഴ്‌നാട്ടില്‍ ക്ഷാമം
തമിഴ്‌നാട്ടിലെ ഭവനങ്ങള്‍ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം വിഭവങ്ങളുടെ ആവശ്യം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇത് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ നിന്നും ലഭിക്കാത്ത അവസ്ഥയാണുള്ളത്.

വര്‍ധിച്ച് വരുന്ന ഡിമാന്‍ഡ് സംസ്ഥാനത്ത് അനധികൃത ഖനനത്തിന് കാരണമാകുമെന്നും അത് പരിസ്ഥിതി നാശത്തിന് വഴിയൊരുക്കുമെന്നും വിലയിരുത്തലുണ്ട്. ഇതെല്ലാമാണ് നിലവിലെ നിരോധനത്തിന് കാരണമെന്ന് ജിയോളജി ആൻഡ് മൈൻസ് ഡയറക്‌ടർ വ്യക്തമാക്കി.

2011ലെ തമിഴ്‌നാട് നിയമവിരുദ്ധ ഖനനം, ഗതാഗതം, ധാതുക്കളുടെ സംഭരണം എന്നിവ തടയുന്നതിനുള്ള നിയമങ്ങളിൽ അടുത്തിടെ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ജില്ല കലക്‌ടര്‍മാര്‍, പൊലീസ് സൂപ്രണ്ടുമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉത്തരവ് കർശനമായി നടപ്പിലാക്കണം. സംസ്ഥാനത്തെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും ജിയോളജി ആന്‍ഡ് മൈന്‍സ് ഡയറക്‌ടര്‍ ഉത്തരവിട്ടു.

കേരളത്തെ പ്രതിസന്ധിയിലാക്കിയേക്കും
നിലവില്‍ ക്വാറി ഉത്‌പന്നങ്ങള്‍ക്ക് തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയത് കേരളത്തിലെ നിര്‍മാണ മേഖലയ്‌ക്ക് വലിയ വെല്ലുവിളിയായേക്കും. സംസ്ഥാനത്ത് പാറമടകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ക്വാറി, ക്രഷര്‍ ഉത്‌പന്നങ്ങള്‍ക്കായി തമിഴ്‌നാടിനെയാണ് ഏറെയും ആശ്രയിച്ചിരുന്നത്. നിലവിലെ ക്ഷാമം ഉത്തരം ഉത്‌പന്നങ്ങളുടെ വില ഇരട്ടിയാക്കാനും സാധ്യതയുണ്ട്.

കേരളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ റോഡ്, പാലം, കെട്ടിടം എന്നിവയുടെ നിര്‍മാണം ഏറ്റെടുത്ത കരാറുകാര്‍ക്ക് നിരോധനം വലിയ തിരിച്ചടിയായേക്കും. സംസ്ഥാനത്ത് 500 ല്‍ താഴെയാണ് ക്വാറികളുടെ എണ്ണം. നിര്‍മാണ മേഖലയ്‌ക്ക് ആവശ്യമായ 30 ശതമാനം പോലും കേരളത്തില്‍ ലഭ്യമല്ലെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *