ഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കും

ഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കും

Spread the News
ഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കും

ന്യൂഡല്‍ഹി: എണ്ണക്കമ്പനികള്‍ വ്യോമയാന ഇന്ധന വിലവർധന പ്രഖ്യാപിച്ചതോടെ വിമാന യാത്രാ നിരക്കുകള്‍ വർധിക്കാൻ സാധ്യത. ഏവിയേഷൻ ടർബൈൻ ഫ്യുവലിന് (എടിഎഫ്) കിലോലിറ്ററിന് 1318 രൂപയാണ് വർധിച്ചത്. ഒരുമാസം മുമ്പാണ് എടിഎഫിന് 2941 രൂപയുടെ വർധനവുണ്ടായത്.

പുതിയ നിരക്കനുസരിച്ച്‌ ഡല്‍ഹിയില്‍ എടിഎഫ് ഒരു കിലോലിറ്ററിന് 91856.84 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 94551.63 രൂപയും മുംബൈയില്‍ 84861.02 രൂപയും ചെന്നൈയില്‍ 95231.49 രൂപയുമാണ് വില. പുതിയ നിരക്ക് നിലവില്‍ വന്നു.

വിമാനയാത്രാ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ് ഇന്ധന വില. ജീവനക്കാർക്ക് നല്‍കുന്നതു കഴിഞ്ഞാല്‍ വിമാനത്തിന്റെ നടത്തിപ്പില്‍ കമ്പനികള്‍ക്ക് ഏറ്റവും ചിലവ് വരുന്നതും ഇന്ധനത്തിന് വേണ്ടിയാണ്.

ഇന്ധന വിലയിലെ മാറ്റങ്ങള്‍ കമ്പനികളുടെ ലാഭത്തില്‍ വലിയ രീതിയിലുള്ള വ്യതിയാനങ്ങളുണ്ടാക്കും. ഇക്കാരണത്താല്‍, ഇന്ധന വില വർധന ടിക്കറ്റ് നിരക്ക് വർധനയിലേക്ക് നയിക്കാനാണ് സാധ്യത.

സർക്കാർ എണ്ണ കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയില്‍ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ ഓരോ മാസവും ഒന്നാം തീയതി വ്യോമയാന ഇന്ധനത്തിന്റേയും പാചക വാതക്കിന്റേയും വില പരിഷ്കരിക്കാറുണ്ട്.

സെപ്റ്റംബറില്‍ എടിഎഫിന് കിലോലിറ്ററിന് 4495.5 രൂപയും ഒക്ടോബറില്‍ 4495.5 രൂപയും എണ്ണകമ്പനികള്‍ കുറച്ചിരുന്നു. നവംബറിലാണ് കമ്പനികള്‍ വീണ്ടും നിരക്ക് വർധിപ്പിച്ചത്. 2941.5 രൂപയാണ് നവംബറിലെ വർധന. ഇപ്പോഴത് 1318 രൂപ കൂടി വർധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *