കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത മൂന്നുശതമാനം കൂടും
August 8, 2024ന്യൂഡൽഹി: 2024 ജൂലൈ മുതൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ മൂന്നു ശതമാനം വർധനയുണ്ടാകും. ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്തൃ വില സൂചികയിൽ 2024 ജൂണിൽ കഴിഞ്ഞ ഡിസംബറിനേക്കാൾ ഏഴു പോയന്റ് വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന വ്യവസായ പ്രാധാന്യമുള്ള 88 നഗരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 317 മാർക്കറ്റുകളിലെ 463 ഇനം സാധനങ്ങളുടെയും സേവനങ്ങളുടെയും വില മാസംതോറും താരതമ്യം ചെയ്താണ് ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്തൃ വില സൂചിക തയാറാക്കുന്നത്. കഴിഞ്ഞ 10 മാസമായി ഉപഭോക്തൃ വില സൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ സഹന പരിധിയായ ആറു ശതമാനത്തിൽ താഴെയാണ്.
ജൂണിലെ ഉപഭോക്തൃ വിലസൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം 5. 08 ശതമാനമായി ഉയർന്നപ്പോൾ മൊത്തവിലയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ 3.36 ശതമാനമായിരുന്നു. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 53 ശതമാനമായി ഉയരും. സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വർധിച്ച് 31 ശതമാനമാവും. എന്നാൽ, 2021 ജൂലൈ മുതലുള്ള 19 ശതമാനം(ആറ് ഗഡു) നിലവിൽ കുടിശ്ശികയാണ്. സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയിൽ അഞ്ചു ശതമാനം വർധനവുണ്ടാകും. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ ക്ഷാമബത്ത ഭാഗികമായി മാത്രം അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചതിനാലാണിത്.സാധാരണഗതിയിൽ സെപ്റ്റംബറോടെ കേന്ദ്ര ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2021 ജനുവരി മുതൽ പ്രാബല്യമുള്ള രണ്ടു ശതമാനം ക്ഷാമബത്ത കഴിഞ്ഞ ഏപ്രിൽ മുതൽ അനുവദിച്ചപ്പോൾ പ്രാബല്യത്തീയതി പരാമർശിക്കാതിരുന്നതിനാൽ 39 മാസത്തെ കുടിശ്ശിക അനിശ്ചിതത്വത്തിലാണ്. ക്ഷാമബത്ത കുടിശ്ശികക്കായി ചില സംഘടനകൾ നിയമ പോരാട്ടത്തിലുമാണ്.
ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു ക്ഷാമബത്ത അനുവദിക്കുമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആറ് ഗഡു എന്നും കുടിശ്ശികയായിത്തന്നെ തുടരാനാണ് സാധ്യത. അതുപ്രകാരം 2021 ജൂലൈ മുതൽ പ്രാബല്യമുള്ള മൂന്നു ശതമാനം ഈ സാമ്പത്തിക വർഷം തന്നെ അനുവദിച്ചേക്കും. സംസ്ഥാന സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്ന മുറക്ക് സഹകരണ ജീവനക്കാരുടെയും ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും.